തിരുവനന്തപുരം:എസ്ഐആര്‍ കരട് പട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായത് പരിശോധിക്കാൻ കോണ്‍ഗ്രസ് നിശാക്യാമ്പ് നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന നടത്തുക. കരട് പട്ടികയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്.
നിലവിലെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നങ്ങളുണ്ടെന്ന പരാതി പരിശോധിക്കാനാണ് കോൺഗ്രസ് നിശാക്യാമ്പ് നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വരെ പേരു ചേര്‍ക്കാൻ 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, SIR കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത അർഹരായവർക്ക് പേരു ചേർക്കാനായി വില്ലേജ് ഓഫീസുകളുടെ സഹായിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വില്ലേജ് തലത്തിൽ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ഹെൽപ് ഡെസ്കിന്റെ ചുമതല നൽകും. ബോധവത്കരണം നടത്താൻ അംഗനവാടി,ആശ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21 ന് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് വിവിധ കാരണങ്ങൾ കൊണ്ട് പേരു ചേർക്കാൻ കഴിയാത്ത അർഹരായവർക്കാണ് ഇപ്പോൾ അവസരം ലഭിക്കുക.
















