Articles Health

ശൈത്യകാലത്ത് വൈറ്റമിൻ ഡിയുടെ കുറവ് നികത്താം; ഈ 5 ഭക്ഷണങ്ങൾ കഴിച്ചോളൂ

ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നതോടെ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് വൈറ്റമിൻ ഡിയുടെ കുറവ്. ഇത് എല്ലുതേയ്മാനം, സന്ധിവേദന, പേശീ തളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. സൂര്യപ്രകാശം കുറവായ ഈ സമയത്ത് ഭക്ഷണക്രമത്തിലൂടെ വൈറ്റമിൻ ഡി ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അസ്ഥിരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വൈറ്റമിൻ ഡി വർധിപ്പിക്കാനും സഹായിക്കുന്ന 5 ഭക്ഷണങ്ങൾ ഇവയാണ്.

  1. കൊഴുപ്പുള്ള മത്സ്യങ്ങൾ

സാൽമൺ, അയല, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ വൈറ്റമിൻ ഡിയുടെ കലവറയാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ബലത്തിനും സന്ധികളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

  1. മുട്ടയുടെ മഞ്ഞ

മുട്ടയുടെ വെള്ളയേക്കാൾ വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നത് അതിന്റെ മഞ്ഞക്കരുപ്പിലാണ്. മാംസാഹാരം കഴിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണിത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

  1. ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ

സസ്യാഹാരികൾക്ക് വൈറ്റമിൻ ഡി ലഭിക്കാൻ പാൽ, തൈര്, ധാന്യങ്ങൾ എന്നിവയുടെ ഫോർട്ടിഫൈഡ് പതിപ്പുകൾ തിരഞ്ഞെടുക്കാം. ഇതിൽ പുറമെ നിന്ന് വൈറ്റമിൻ ഡി ചേർത്തിട്ടുള്ളതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നു.

  1. കൂണുകൾ

സൂര്യപ്രകാശമേറ്റ കൂണുകളിൽ സ്വാഭാവികമായും വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്. സൂപ്പുകളിലും കറികളിലും ഇവ ഉൾപ്പെടുത്താം.

  1. കോഡ് ലിവർ ഓയിൽ

വൈറ്റമിൻ ഡി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒന്നാണ് കോഡ് ലിവർ ഓയിൽ. ഇത് കൂടാതെ ചീസ്, വെണ്ണ എന്നിവയും മിതമായ അളവിൽ കഴിക്കുന്നത് ഗുണകരമാണ്.

ശൈത്യകാലത്ത് അനുഭവപ്പെടുന്ന സന്ധിവേദനയും പുറംവേദനയും വെറുതെ അവഗണിക്കരുത്. അത് വൈറ്റമിൻ ഡിയുടെ കുറവ് കൊണ്ടാകാമെന്നാണ് വിദഗ്ധർ പറയുന്നത്. ഭക്ഷണത്തിലൂടെ ഒരു പരിധിവരെ ഇത് പരിഹരിക്കാമെങ്കിലും, വലിയ കുറവുണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കേണ്ടി വരും. വൈറ്റമിൻ ഡിയുടെ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് രക്തപരിശോധന നടത്തേണ്ടത് അനിവാര്യമാണ്.

Related Posts