2025 ല്‍ ബോക്‌സ്ഓഫീസില്‍ അടിതെറ്റി സൂപ്പര്‍താരങ്ങള്‍. കോവിഡാനന്തരം ബോക്‌സ്ഓഫീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്ന മമ്മൂട്ടിക്ക് 2025 അത്ര നല്ല വര്‍ഷമല്ല. ഫഹദ് ഫാസിലിനും ഇത്തവണ നഷ്ടകച്ചവടമാണ്.
2025 ലെ ഏറ്റവും വലിയ പരാജയചിത്രം ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ഓടും കുതിര ചാടും കുതിര’ ആണ്. ഏതാണ്ട് 30 കോടിയോളം ചെലവിലാണ് ‘ഓടും കുതിര ചാടും കുതിര’ നിര്‍മിച്ചിരിക്കുന്നത്. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം ആഷിക് ഉസ്മാനും വിപിന്‍ അഗ്നിഹോത്രിയും ചേര്‍ന്നാണ്. വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ‘ഓടും കുതിര ചാടും കുതിര’ ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് വെറും നാല് കോടി മാത്രമാണ്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘കരം’ വലിയ ബജറ്റിലാണ് ഒരുക്കിയത്. വൈശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസനും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത് വെറും ഒരു കോടി മാത്രം, ബജറ്റ് ആകട്ടെ 20 കോടിക്കു മുകളിലും !
പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ‘വിലായത്ത് ബുദ്ധ’യും വലിയ നഷ്ടകച്ചവടമായിരുന്നു. ചിത്രത്തിന്റെ ബജറ്റ് 20 കോടിയാണ്. വേള്‍ഡ് വൈഡായി ഈ പൃഥ്വിരാജ് ചിത്രം കളക്ട് ചെയ്തതാകട്ടെ വെറും എട്ട് കോടി മാത്രം.
ടൊവിനോ തോമസ് നായകനായ ‘ഐഡന്റിറ്റി’യും 2025 ല്‍ വലിയ പരാജയമായ സിനിമയാണ്. 15 കോടിയാണ് ചിത്രത്തിന്റെ ചെലവ്. ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്തതാകട്ടെ എട്ട് കോടിയും.
സുരേഷ് ഗോപി നായകനായെത്തിയ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയും ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നു. 10 കോടിയോളം ചെലവ് വന്ന ചിത്രത്തിനു ബോക്‌സ്ഓഫീസില്‍ നിന്ന് നേടാന്‍ സാധിച്ചത് ആറ് കോടി മാത്രമാണ്.
2025 ല്‍ മമ്മൂട്ടിക്കും ബോക്‌സ്ഓഫീസില്‍ അടിതെറ്റി. ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ‘ബസൂക്ക’ ഈ വര്‍ഷത്തെ പരാജയങ്ങളില്‍ ഒന്നാണ്. വേള്‍ഡ് വൈഡായി 25 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. എന്നാല്‍ 30 കോടിയാണ് ചിത്രത്തിന്റെ ചെലവ്. ഒടിടി അവകാശം ഇതുവരെ വിറ്റുപോകാത്തതും സിനിമയ്ക്കു സാമ്പത്തികമായി തിരിച്ചടിയായി.
















