തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിൽ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നീ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ നിലവിലെ അംഗസംഖ്യ അനുസരിച്ച് കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫിന്റെയും കോഴിക്കോട് എൽഡിഎഫിന്റെയും തിരുവനന്തപുരത്ത് എൻഡിഎയുടേയും മേയർ സ്ഥാനാർത്ഥികൾക്കാണ് വിജയസാധ്യത. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.
മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കുമാണ്. സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവർക്ക് വോട്ടവകാശമുണ്ടാവില്ല. വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാൻ വേണ്ടത്. സ്ഥാനാർത്ഥിയെ ഒരംഗം നാമനിർദേശം ചെയ്യുകയും ഒരാൾ പിൻതാങ്ങുകയും വേണം. സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിർദേശം ചെയ്യുകയോ പിൻതാങ്ങുകയോ വേണ്ട. രണ്ടിലേറെ സ്ഥാനാർത്ഥികളുണ്ടെങ്കിൽ അതിൽ ഒരാൾക്ക് മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും കൂടി ആകെ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയാൽ വിജയിയായി പ്രഖ്യാപിക്കും. ഇല്ലെങ്കിൽ കുറഞ്ഞ വോട്ട് നേടുന്നവരെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും.
















