ലഖ്നൗ: അലിഗഢ് മുസ്ലിം സർവകലാശാല കാമ്പസിൽ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തി. അലിഗഢ് കാമ്പസിലെ എബികെ യൂണിയൻ ഹൈസ്കൂളിലെ അധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് മരിച്ചത്. കഴിഞ്ഞദിവസം ഒമ്പതുമണിയോടെ ഡാനിഷും സുഹൃത്തുക്കളും സംസാരിച്ചിരിക്കുന്നതിനിടെ സ്കൂട്ടറിൽ എത്തിയ അക്രമികൾ ഡാനിഷിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഡാനിഷിനെ ഉടൻതന്നെ ജെഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അക്രമികളെ കണ്ടെത്താനായി സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ആക്രമണത്തിനുമുമ്പ് പ്രതികളിലൊരാൾ ‘ഡാനിഷ്, ഇപ്പോൾ നിനക്ക് എന്നെ അറിയാം’ എന്ന് പറഞ്ഞതായി വിവരമുണ്ട്. സംഭവത്തിൽ പോലീസ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് മായങ്ക് പഥക് മാധ്യമങ്ങളോട് പറഞ്ഞു.
















