പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണത്തേക്കാൾ ഉപരിയായി, അത് എപ്പോൾ’ കഴിക്കുന്നു എന്നതിലാണ് കാര്യമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതിനാൽ, അത്താഴത്തിന് തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങൾ അടുത്ത ദിവസത്തെ ഷുഗർ ലെവലിനെപ്പോലും ബാധിച്ചേക്കാം.
രാത്രിയിൽ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകുന്ന 7 ഭക്ഷണങ്ങളെക്കുറിച്ച് ബാംഗ്ലൂർ സ്പാർഷ് ഹോസ്പിറ്റലിലെ ഡോ. അശോക് എം. എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
- വെള്ള അരിയും ശുദ്ധീകരിച്ച ധാന്യങ്ങളും
മലയാളികളുടെ പ്രധാന അത്താഴമായ വെള്ള അരി കൊണ്ടുള്ള ചോറ്, ചപ്പാത്തി, പൊറോട്ട, പാസ്ത എന്നിവയിൽ ഗ്ലൈസമിക് ഇൻഡക്സ് വളരെ കൂടുതലാണ്. ഇവ പെട്ടെന്ന് ദഹിക്കുകയും രക്തത്തിലേക്ക് ഗ്ലൂക്കോസ് പ്രവഹിപ്പിക്കുകയും ചെയ്യുന്നു. രാത്രിയിൽ ശരീരത്തിന് ഊർജ്ജം കുറച്ചുമാത്രം മതി എന്നതിനാൽ, ഈ അധിക ഗ്ലൂക്കോസ് ഇൻസുലിൻ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു.
- ഉരുളക്കിഴങ്ങും വറുത്ത പലഹാരങ്ങളും
ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, ഫ്രഞ്ച് ഫ്രൈസ്, ചിപ്സ് തുടങ്ങിയവ രാത്രിയിൽ ഒഴിവാക്കുന്നതാണ് ഉചിതം. ഇതിലടങ്ങിയിരിക്കുന്ന സ്റ്റാർച്ചും അനാരോഗ്യകരമായ കൊഴുപ്പും ഇൻസുലിൻ അളവ് പെട്ടെന്ന് കൂട്ടാൻ കാരണമാകും.
- സോസുകളും ഗ്രേവികളും
പലപ്പോഴും കറികളിലും റെസ്റ്റോറന്റ് വിഭവങ്ങളിലും ചേർക്കുന്ന ടൊമാറ്റോ കെച്ചപ്പ്, ചില്ലി സോസ്, മധുരമുള്ള ഗ്രേവികൾ എന്നിവയിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണം എന്ന് നമ്മൾ കരുതുന്ന പല വിഭവങ്ങളിലും ഇത്തരം മറഞ്ഞിരിക്കുന്ന പഞ്ചസാര വില്ലനാകാറുണ്ട്.
- വൈറ്റ് ബ്രെഡും ബേക്കറി പലഹാരങ്ങളും
നാരുകളോ പ്രോട്ടീനോ ഇല്ലാത്ത വൈറ്റ് ബ്രെഡ്, ബണ്ണുകൾ എന്നിവ രാത്രി കഴിക്കുന്നത് ഷുഗർ ലെവൽ കുതിച്ചുയരാൻ കാരണമാകും. ഇവ വളരെ പെട്ടെന്ന് ശരീരം ആഗിരണം ചെയ്യുന്നതാണ് ഇതിന് കാരണം.
- മധുരപലഹാരങ്ങളും പാനീയങ്ങളും
അത്താഴത്തിന് ശേഷം ഐസ്ക്രീമോ മിഠായിയോ കഴിക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് രാത്രിയിലെ ഗ്ലൂക്കോസ് നിലയെ താളം തെറ്റിക്കുകയും പിറ്റേന്ന് രാവിലെ ഫാസ്റ്റിംഗ് ഷുഗർ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- ടിന്നിലടച്ച ഭക്ഷണങ്ങൾ
ടിന്നിലടച്ച ഭക്ഷണങ്ങളിൽ അമിതമായ ഉപ്പും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ ബിസ്ഫെനോൾ എ (BPA) എന്ന കെമിക്കൽ ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
- ഷുഗർ ചേർത്ത ധാന്യങ്ങൾ
ആരോഗ്യപ്രദമെന്ന് കരുതി രാത്രിയിൽ ‘സെറിയൽസ്’ കഴിക്കുന്നവരുണ്ട്. എന്നാൽ പലതിലും ശുദ്ധീകരിച്ച ധാന്യങ്ങളും അമിത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇതിന് പകരമായി ഓട്സ് പോലുള്ള നാരുകളുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം.
എന്താണ് കഴിക്കേണ്ടത്?
രാത്രിയിൽ പച്ചക്കറികൾ, പരിപ്പ്, തൈര്, പനീർ, മുട്ട അല്ലെങ്കിൽ ഗ്രിൽ ചെയ്ത മത്സ്യം എന്നിവ ഉൾപ്പെട്ട ലഘുവായ ഭക്ഷണമാണ് ഉത്തമം. അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി, ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക.
















