ചെന്നൈ: ISRO-യുടെ ‘എൽവിഎം 3 എം 6’ ഉപഗ്രഹ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. അമേരിക്കൻ കമ്പനിയുടെ ഉപഗ്രഹത്തെ ബാഹുബലി എന്ന റോക്കറ്റ് ഉപയോഗിച്ചാണ് ISRO ബഹിരാകാശത്ത് എത്തിക്കുന്നത്.
എൽവിഎം 3യുടെ മൂന്നാമത്തെ വാണിജ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. ഇതോടെ രണ്ട് മാസത്തിനിടെ എൽവിഎം 3 രണ്ട് വിക്ഷേപണങ്ങൾ നടത്തി. ഇത്രയും ചെറിയ ഇടവേളയിൽ എൽവിഎം 3 ദൗത്യങ്ങൾ നടത്തുന്നത് ഇതാദ്യമാണ്. അമേരിക്കൻ കമ്പനിയായ എ.എസ്.ടി സ്പേസ് മൊബൈലിന്റെ ‘ബ്ലൂബേർഡ് ബ്ലോക്ക് 2’ ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. 6100 കിലോ ഗ്രാം ഭാരമുള്ളതാണ് ഉപഗ്രഹം.
ISRO-യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആൻഡ് സയൻസ്, എൽഎൽസി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമാണ് ദൗത്യം. ഉപഗ്രഹാധിഷ്ടിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എഎസ്ടി സ്പേസ് മൊബൈൽ. നേരിട്ട് മൊബൈൽ ഫോണുകളിൽ ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് ഇവർ പദ്ധതിയിടുന്നത്.
















