തിരുവനന്തപുരം: ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ. ജയിലിലെ കൊടുംകുറ്റവാളികൾക്ക് പരോളിനും സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി പണം കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് കേസിൽ ആരോപണം തുടരുന്നതിനിടയിലാണ് സസ്പെൻഷൻ എത്തിയത്. വിനോദ് കുമാറിനെതിരായ നടപടി വൈകുന്നതിൽ ആക്ഷേപം ഉയർന്നിരുന്നു.
റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് തിരക്കിട്ട നടപടി. ഒരുമാസം വിനോദിന്റെ അക്കൗണ്ടിലേയ്ക്ക് 35 ലക്ഷം രൂപയും ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് 40 ലക്ഷവും എത്തിയതായും വിജിലൻസ് കണ്ടെത്തി. ഡിസംബർ 17നാണ് വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തത്. കൊടി സുനിയടക്കമുള്ള ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങളൊരുക്കാൻ ഡിഐജി കൈക്കൂലി വാങ്ങിയെന്നും വിജിലൻസ് കണ്ടെത്തലിലുണ്ട്.
ചട്ടവിരുദ്ധമായി ക്രിമിനലുകൾക്ക് പരോളുകൾ അനുവദിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.കൊടി സുനിയെ നിരന്തരമായി ജയിലിൽ സന്ദർശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടിൽ നിന്നാണ് കൈക്കൂലി വിനോദ് കുമാറിന് കൈമാറിയത്. ജയിലിൽ നിന്നും വിനോദ് കുമാറിനെ മറ്റൊരു പ്രതിയായ അണ്ണൻ സിജിത്ത് വിളിച്ചു. പരോളിന് പുറത്തിറങ്ങിയതിനു പിന്നാലെ ഗൂഗിൾ പേ വഴിയും പണം കൈമാറിയെന്നും വിജിലൻസ് കണ്ടെത്തി.
















