2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ഇനി തൃശൂരിലേക്ക് ഇല്ലെന്നു പറഞ്ഞ് വണ്ടികയറിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനു മനംമാറ്റം. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ സീറ്റില്‍ മത്സരിക്കാനാണ് മുരളീധരന്‍ ആഗ്രഹിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് കരുതിയിരുന്ന മുരളീധരന്‍ തനിക്കു ഗുരുവായൂര്‍ മതിയെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ യുഡിഎഫ് നേതൃത്വം മുരളീധരനു നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്താണ് മുരളീധരന്‍ മത്സരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ശിവന്‍കുട്ടി ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേമത്ത് പരീക്ഷണം നടത്താന്‍ താന്‍ ഇത്തവണ തയ്യാറല്ലെന്നാണ് മുരളീധരന്റെ നിലപാട്. 2011 ലും 2016 ലും മുരളീധരന്‍ ജയിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മുരളീധരന്‍ 2019 ല്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് എത്തിയപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ഈ സീറ്റ് വി.കെ.പ്രശാന്തിലൂടെ എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു. 2021 ലും വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താന്‍ പ്രശാന്തിനു സാധിച്ചു. ഇത്തവണയും പ്രശാന്ത് തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അതിനാല്‍ യുഡിഎഫിനു ഈ സീറ്റില്‍ ജയസാധ്യത കുറവെന്നാണ് മുരളീധരന്റെ വിലയിരുത്തല്‍. അതുകൊണ്ട് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനും അദ്ദേഹം തയ്യാറല്ല.
അതേസമയം ഗുരുവായൂരില്‍ യുഡിഎഫിനായി മത്സരിച്ചുപോരുന്നത് മുസ്ലിം ലീഗ് ആണ്. 2006 മുതല്‍ എല്‍ഡിഎഫിന്റെ സിറ്റിങ് മണ്ഡലം. ഇത്തവണ ലീഗില്‍ നിന്ന് ഈ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.അക്ബര്‍ 18,268 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗുരുവായൂരില്‍ ജയിച്ചത്. ലീഗിനു പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വരികയും മുരളീധരനെ പോലൊരു പ്രബല നേതാവ് ആകുക കൂടി ചെയ്താല്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എല്‍ഡിഎഫിനായി എന്‍.കെ.അക്ബര്‍ തന്നെയായിരിക്കും വീണ്ടും ജനവിധി തേടുക.
















