ഇടുക്കി: ഇടുക്കിയിൽ ഉദ്ഘാടനത്തിന് പിന്നാലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞു. ഇടുക്കി ആനച്ചാലിൽ നിർമാണം പൂർത്തിയാക്കിയ ഗ്ലാസ് ബ്രിഡ്ജാണ് സ്റ്റോപ്പ് മെമ്മോ നൽകി ജില്ലാ കലക്ടർ തടഞ്ഞത്. 2 കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം പണിഞ്ഞിരുന്നത്. ഒരേ സമയം 40 പേർക്ക് കയറാവുന്ന പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടന്നു. തൊട്ടുപിന്നാലെ ഇന്ന് കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.
ഗ്രാമപഞ്ചായത്തിന്റെയും അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും അനുമതി ഇല്ലാത്തതാണ് പ്രവർത്തനം തടയാൻ കാരണം. പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പണി തുടരുകയായിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണ് നിർമാണമെന്നാണ് കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറുടെയും റിപ്പോർട്ട്.
















