Homepage Featured India News

ട്രെയിൻ ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ്; ഇന്ത്യൻ റെയിൽവേയ്ക്ക് 600 കോടി അധിക വരുമാനം

ഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. 600 കോടി അധിക വരുമാനം പ്രതീക്ഷിച്ചാണ് റെയിൽവേ ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുന്നത്. പുതിയ നിരക്കുകൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്കാണ് വില വർധനവ് ബാധകമാകുക. ഡിസംബർ 20-ന് ഇന്ത്യൻ റെയിൽവേ പുറത്തുവിട്ട ഔദ്യോ​ഗിക പത്രക്കുറിപ്പിലാണ് നിരക്കുവർധനവ് സംബന്ധിച്ച വിവരങ്ങളുള്ളത്.

215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് ടിക്കറ്റ് നിരക്ക് സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതലായിരിക്കും. ഓർഡിനറിക്ക് കിലോമീറ്ററിന് 1 പൈസയും എക്സ്പ്രസ്/മെയിൽ ട്രെയിനുകൾക്ക് 2 പൈസയും വർധിക്കും. ചരക്കുനീക്കത്തിന് നിരക്ക് വർധനവ് ബാധകമല്ല. 2025 ജൂലായ് മാസത്തിലും റെയിൽവേ ടിക്കറ്റ് നിരക്ക് നേരിയ തോതിൽ വർധിപ്പിച്ചിരുന്നു. ഇതിലൂടെ 700 കോടിയുടെ നേട്ടമാണ് റെയിൽവേയ്ക്കുണ്ടായത്.

അതേസമയം എട്ട് റെയിൽവേ സോണുകളിലുമായി 244 സർവീസുകൾ താത്കാലികമായി ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസുകൾ അനുവദിച്ചതെന്ന് റെയിൽവേ പറഞ്ഞു.

പത്രക്കുറിപ്പിൽ റെയിൽവേ നടപ്പാക്കുന്ന വികസനങ്ങൾ എടുത്തുപറയുന്നുണ്ട്. മഹാരാഷ്ട്രയിൽ ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിനിന്റെ പണി അതിവേ​ഗം പുരോ​ഗമിക്കുന്നതായി പത്രക്കുറിപ്പിൽ പറയുന്നു. 2014 മുതലുള്ള വികസനപ്രവർത്തനങ്ങളും റെയിൽവേ വിശദമാക്കുന്നുണ്ട്. റെയിൽവേയുടെ 99.1 ശതമാനം ബ്രോഡ്​ഗേജ് നെറ്റ് വർക്കുകളും വൈദ്യുതീകരിച്ചുവെന്ന് റെയിൽവേ അവകാശപ്പെടുന്നു.

Related Posts