തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേസിന്റെ വാദം പൂർത്തിയായിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. ചലച്ചിത്ര മേളയുടെ ജൂറി ചെയർമാനായിരുന്ന പിടി കുഞ്ഞുമുഹമ്മദ് ജൂറി അംഗമായിരുന്ന ചലച്ചിത്ര പ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറി എന്നാണ് അതിജീവിത പറയുന്നത്.
നവംബർ ആറിന് സിനിമകളുടെ സ്ക്രീനിംഗിന് ശേഷം തിരുവനന്തപുരത്തെ ഹോട്ടലിൽ ആയിരുന്നു ജൂറികൾക്ക് താമസ സൗകര്യം ഒരുക്കിയത്. ഇവിടെ വെച്ചാണ് കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. ഈ സംഭവത്തിൽ നവംബർ 27-ന് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചെങ്കിലും ഡിസംബർ എട്ടിനാണ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രി കന്റോൺമെന്റ് പൊലീസിനാണ് പരാതി കൈമാറിയത്. തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ 74, 75(1) വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
















