ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടംപിടിച്ചു. ഓപ്പണര്‍, വിക്കറ്റ് കീപ്പര്‍ എന്നീ നിലകളില്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന വിധമാണ് ഇന്ത്യയുടെ ടീം പ്രഖ്യാപനം. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിനു ശേഷമാണ് ബിസിസിഐ ആസ്ഥാനത്ത് ടീം പ്രഖ്യാപനം നടന്നത്. നായകന് സൂര്യകുമാര്‍ യാദവും ബിസിസിഐ ആസ്ഥാനത്ത് എത്തി.
അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു സാംസണ് ഓപ്പണറാകും. ബാക്കപ്പ് ഓപ്പണര്‍, വിക്കറ്റ് കീപ്പര്‍ എന്ന കാറ്റഗറിയിലേക്ക് ഇഷാന് കിഷനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉപനായകനായിരുന്ന ശുഭ്മാന്‍ ഗില്‍ ലോകകപ്പ് ടീമില്‍ ഇല്ല. ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ സൂര്യകുമാര്‍ യാദവിന്റെ ഡെപ്യൂട്ടിയാകും. ജിതേഷ് ശര്‍മയ്ക്കു ടീമില്‍ സ്ഥാനമില്ല. ഫിനിഷര്‍ റോളിലേക്ക് റിങ്കു സിങ്ങിനെ ഉള്‍പ്പെടുത്തിയതിനാലാണ് ജിതേഷിനു അവസരം നഷ്ടമായത്. തിലക് വര്‍മ ടീമില്‍ ഇടംപിടിച്ചു. പരുക്കിനു ശേഷം ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഉണ്ട്. ജസ്പ്രിത് ബുംറയും അര്‍ഷ്ദീപ് സിങ്ങുമാണ് പ്രധാന പേസര്‍മാര്‍.
ടീം ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, ജസ്പ്രിത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന് കിഷന്
ഫെബ്രുവരി ഏഴിനു ആരംഭിക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ മാര്‍ച്ച് എട്ടിനാണ് വരുന്നത്. ഇന്ത്യയാണ് ലോകകപ്പിനു ആതിഥേയത്വം വഹിക്കുക. പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കും. ഗ്രൂപ്പ് എയില്‍ യുഎസ്എ, നമീബിയ, പാക്കിസ്ഥാന്, നെര്‍ലന്‍ഡ്സ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പമുള്ളത്. ഫെബ്രുവരി 15 ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാന് മത്സരം.
















