Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിയും ഗോവർധനും റിമാൻഡിൽ

പത്തനംതിട്ട: ശബരിമലയിൽ സ്വർണമോഷണം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയേയും ജ്വല്ലറി ഉടമ ഗോവർധനേയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരത്തോടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത ഇരുവരേയും പിന്നീട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു.

ദ്വാരപാലകശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചതിനാണ് സ്മാർട്ട് ക്രിയേഷൻസ് സിഇഒയെ അറസ്റ്റ് ചെയ്തത്. വേർതിരിച്ച സ്വർണം വാങ്ങിയത് ​ഗോവർധന്റെ ജ്വല്ലറിയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ​ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശിൽപ്പം സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു കേസിൽ ആദ്യം അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

തുടർന്ന് ശബരിമലയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന മുരാരി ബാബു, എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ് കുമാർ, ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്ന എൻ വാസു, തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജു, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും നിലവിലെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അം​ഗവുമായ എ പത്മകുമാർ, ശബരിമല അഡ്മിനിസ്ട്രേറ്ററായിരുന്ന എസ് ശ്രീകുമാർ തുടങ്ങിയവരേയും അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു.

മൂന്ന് ദിവസം മുമ്പാണ് എസ് ശ്രീകുമാറിനെ സംഘം അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെയാണ് പങ്കജ് ഭണ്ഡാരിയും ജ്വല്ലറി ഉടമ ഗോവർധനും അറസ്റ്റിലാകുന്നത്. ഗോവർധൻ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകും. തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഗോവര്‍ധന്‍റെ വാദം. ഗോവര്‍ധന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണം സ്മാർട്ട് ക്രിയേഷനിൽ നിന്നും ഗോവർധന്‍റെ കൈവശമെത്തിച്ച കൽപേഷിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ഒരിക്കൽ സ്വർണം പൂശിയ ലോഹത്തിനുമേൽ വീണ്ടും സ്വർണം പൂശാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചത് ചെമ്പ് പാളിയെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ നേരത്തേയുള്ള മൊഴിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് അറസ്റ്റിലായവരുടെ മൊഴിയുമായി വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്നാണ് സൂചന.

Related Posts