തണുപ്പുകാലം എത്തുന്നതോടെ ഭക്ഷണശീലങ്ങളിലും മാറ്റങ്ങൾ വരാറുണ്ട്. കൊഴുപ്പുള്ളതും മധുരമേറിയതുമായ ഭക്ഷണങ്ങളോടായിരിക്കും ഈ സമയത്ത് നമുക്ക് കൂടുതൽ പ്രിയം. എന്നാൽ ശൈത്യകാലത്ത് നാം ആരോഗ്യകരമെന്ന് കരുതി കഴിക്കുന്ന പല ഭക്ഷണങ്ങളും യഥാർത്ഥത്തിൽ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. പുനെയിൽ നിന്നുള്ള പോഷകാഹാര വിദഗ്ധ അമിത ഗാദ്രെ ഈ ശൈത്യകാലത്ത് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- നെല്ലിക്ക മിഠായി
നെല്ലിക്ക ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിൽ സംശയമില്ല. എന്നാൽ നെല്ലിക്ക മിഠായി അങ്ങനെയല്ല. ഇതിൽ വൻതോതിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ മിഠായിക്ക് പകരം പച്ച നെല്ലിക്ക കഴിക്കുന്നതാണ് ഉചിതം.
- ച്യവനപ്രാശം
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ച്യവനപ്രാശം നല്ലതാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ ഇതിലും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് അമിത ചൂണ്ടിക്കാട്ടുന്നു. ച്യവനപ്രാശത്തേക്കാൾ മികച്ച രീതിയിൽ ആന്റിഓക്‌സിഡന്റുകൾ ലഭിക്കാൻ പച്ചക്കറി സൂപ്പുകൾ കുടിക്കുന്നതാണ് നല്ലത്. കുട്ടികൾക്കും ഇത് അത്യാവശ്യമല്ലെന്നാണ് ഇവരുടെ പക്ഷം.
- ഡ്രൈ ഫ്രൂട്ട് ലഡു
പോഷകസമൃദ്ധമാണെങ്കിലും ഡ്രൈ ഫ്രൂട്ട് ലഡുവിൽ കാലറി വളരെ കൂടുതലാണ്. ഒരു ലഡുവിൽ ഏകദേശം 200 കാലറി വരെ ഉണ്ടാകാം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ലഡുവിന് പകരം ഒരു പിടി ഡ്രൈ ഫ്രൂട്ട്‌സ് നേരിട്ട് കഴിക്കുന്നതാണ് നല്ലത്.
- പായ്ക്കറ്റ് സൂപ്പുകൾ
തണുപ്പുകാലത്ത് ചൂടുള്ള സൂപ്പ് കുടിക്കുന്നത് സുഖകരമാണ്. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ഇൻസ്റ്റന്റ് സൂപ്പ് പായ്ക്കറ്റുകൾ ഒഴിവാക്കുക. ഇവയിൽ അമിതമായ അളവിൽ ഉപ്പും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. പകരം വീട്ടിൽ തന്നെ തയ്യാറാക്കുന്ന പച്ചക്കറി സൂപ്പുകൾ ശീലമാക്കുക.
- നെയ്യ് അമിത ഉപയോഗം
ശൈത്യകാലത്ത് നെയ്യ് കഴിക്കുന്നത് ശരീരത്തിന് ചൂട് നൽകുമെന്ന് കരുതി പലരും അമിതമായി ഉപയോഗിക്കാറുണ്ട്. എന്നാൽ തണുപ്പുകാലത്ത് ശാരീരിക അധ്വാനം കുറവായതിനാൽ ഈ അധിക കൊഴുപ്പ് ശരീരത്തിൽ അടിയാൻ സാധ്യതയുണ്ട്. അതിനാൽ നെയ്യുടെ ഉപയോഗം പരിമിതപ്പെടുത്തണം.
















