Homepage Featured Kerala News

‘എസ്എൻഡിപി സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നവർ’; ലീ​ഗുകാർ തന്നെ വർ​ഗീയവാദിയായി ചിത്രീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: എസ്എൻഡിപി സ്നേഹം കൊടുത്ത് സ്നേഹം വാങ്ങുന്നവരാണെന്നും തന്റെ മനസ്സിൽ ഇതുവരെ മത ചിന്ത ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്എൻഡിഡി യോ​ഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ താൻ ​ഗുരുവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീ​ഗ് തന്നെ വർ​ഗീയവാദിയായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ജനാധിപത്യത്തെ കശാപ്പു ചെയ്തവരാണ് മുസ്ലീം ലീ​ഗെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി യോ​ഗത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ് ലീ​ഗുകാരെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. താനൊരു വർഗീയവാദിയാണെന്നാണ് മുസ്‌ലിം ലീ​ഗ് നേതാക്കൾ പ്രചരിപ്പിക്കുന്നു, എന്നാൽ തന്നെ ദേശീയവാദിയായി കൊണ്ടുനടന്ന കാലം ഉണ്ടായിരുന്നെന്നും വെള്ളാപ്പള്ളി പറയുന്നു. തൻ്റെ ഉള്ളിൽ ജാതിചിന്ത ഇല്ലെന്നും എന്നാൽ ജാതി വിവേചനം കാണിക്കുമ്പോൾ ആ ചിന്ത ഉണ്ടാകാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

യുഡിഎഫ് തോറ്റപ്പോൾ ‘ഒന്നാംകിട നേതാക്കൾ’ തന്നെ കാണാനും സംസാരിക്കാനും വന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രലോഭനങ്ങൾ ഉണ്ടായെങ്കിലും താൻ അവർക്ക് പിന്തുണ കൊടുക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ വിശ്വസിക്കാനാകില്ലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ‘യുഡിഎഫ് തോറ്റപ്പോൾ ഒന്നാംകിട നേതാക്കൾ എന്നെ കാണാനും സംസാരിക്കാനും വന്നു. അവർ പിന്തുണ ചോദിച്ചു. പക്ഷേ ഞാൻ പറ്റില്ല എന്നു പറഞ്ഞു. പലവിധ പ്രലോഭനങ്ങളും നൽകി. വഴങ്ങിയില്ല, കാരണം ഒന്നാംകിട നേതാക്കൾ പറയുന്നതായിരിക്കില്ല, രണ്ടാംനിര മൂന്നാംനിര നേതാക്കൾ പിന്തുടരുന്നത് വിശ്വസിക്കാനാവില്ല.’-വെള്ളാപ്പള്ളി പറഞ്ഞു.

താൻ മുസ്‌ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും ലീ​ഗിനെയാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. ലീ​ഗ് നേതാവ് മുഖ്യമന്ത്രിയെ ആണും പെണ്ണും കെട്ടവൻ എന്ന് അധിക്ഷേപിച്ചു. ഇത്തരത്തിൽ പറയുന്നവർ വേറെ ഉണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ്എൻഡിഡി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

Related Posts