ഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയിൽ മാറ്റം വരുത്താനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ലോക്സഭയിൽ നാലേകാൽ മണിക്കൂർ നീണ്ട ചർച്ചയ്ക്കിടെയാണ് പ്രതിപക്ഷം കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമർശിച്ചത്. സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ചായിരുന്നു കേന്ദ്രസർക്കാർ ബിൽ ചർച്ചയ്ക്കെടുത്തത്.
ആണവോർജ നിയമ ഭേദഗതി ബിൽ പാസാക്കിയ ശേഷം വൈകീട്ടാണ് വികസിത് ഭാരത് ജി ആർഎഎം(ജി) ബിൽ ലോക് സഭയിൽ ചർച്ചയ്ക്കെടുത്തത്. എന്നാൽ രാത്രി വൈകി ചർച്ച നടത്തുന്നതിനെ കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ എതിർത്തു. തുടർന്ന് ഇന്നലെ രാത്രി 10 മണിവരെ ബില്ലിൽ ചർച്ച നടത്താമെന്നും ഇന്ന് ലോക്സഭയിൽ പാസാക്കാമെന്നും സ്പീക്കർ അറിയിച്ചു. ഇതനുസരിച്ച് ഇന്നലെ രാത്രി 10 വരെ ചർച്ചകൾ നടന്നു.
ഇന്ന് (18/12/2025) ബിൽ ലോക്സഭയിൽ പാസാക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചേക്കും. എന്നാൽ പ്രതിപക്ഷം വോട്ടിംഗ് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ബില്ലിനെതിരെ വോട്ട് ചെയ്ത് പ്രതിഷേധം അറിയിക്കാനാണ് പ്രതിപക്ഷ നീക്കം. സമാജ് വാദി പാർട്ടിയും ഡിഎംകെയും ടിഎംസിയും എൻസിപിയും ബില്ലിനെ ശക്തമായി എതിർത്തു. അതേസമയം ബിജെപിയും ടിഡിപിയും ജെഡിയുവും ബില്ലിനെ പിന്തുണച്ചു.
കേന്ദ്രത്തിന് സാമ്പത്തിക ബാധ്യത കുറയും
ബിൽ നിയമമാകുന്നതോടെ കേന്ദ്ര സർക്കാരിന് സാമ്പത്തിക ബാധ്യത കുറയും. നേരത്തേ 90:10 എന്ന നിലയിലായിരുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതമെങ്കിൽ തൊഴിലുറപ്പ് ബില്ലിൽ ഇത് 60:40 എന്ന അനുപാതത്തിലാകും.15 ദിവസത്തിനുള്ളിൽ പദ്ധതിയിൽ ഭാഗമായവർക്ക് തൊഴിൽ നൽകാനായില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകണമെന്ന് ബില്ലിൽ പറയുന്നുണ്ട്. ഇതും അതത് സംസ്ഥാന സർക്കാരാണ് നൽകേണ്ടത് എന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
പുതിയ നിയമത്തിൽ കേരളത്തിനും അധിക ബാധ്യത
22.61 ലക്ഷം സജീവ തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായി കേരളത്തിലുള്ളത്. ഇവർക്ക് തൊഴിലുറപ്പിനായി സംസ്ഥാനങ്ങളുടെ 40 ശതമാനം വിഹിതം നൽകണമെന്ന കേന്ദ്ര വ്യവസ്ഥ പാലിക്കണമെങ്കിൽ കേരളം കൂടുതൽ തുക ചെലവാക്കേണ്ടിവരും. ബില്ല് അനുസരിച്ച് കേരളം ഒരു വർഷത്തിൽ 1600 കോടി ചെലവാക്കേണ്ടിവരും.
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറും
MGNREGA(തൊഴിലുറപ്പ് പദ്ധതി) യുടെ പേര് VB GRAM (G) എന്ന് മാറ്റണമെന്ന് ബില്ലിൽ നിർദേശമുണ്ട്. വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആന്റ് ആജീവികാ മിഷൻ(ഗ്രാമീൺ) എന്നാണ് പുതിയ പേര്.
















