ഐപിഎല്‍ 2026 മിനി താരലേലത്തില്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച ബിഡ് ആയിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ്. സണ്‍റൈസേഴ്സ് ഹൈദരബാദ് 13 കോടിക്കാണ് ലേലത്തില്‍ ലിവിങ്സ്റ്റണിനെ വിളിച്ചെടുത്തത്. എന്നാല്‍ ഫ്രാഞ്ചൈസിയുടെ തീരുമാനം വന്‍ മണ്ടത്തരമാണെന്നാണ് ഹൈദരബാദ് ആരാധകര്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു റിലീസ് ചെയ്തതുകൊണ്ടാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഇത്തവണത്തെ താരലേലത്തിലേക്ക് എത്തിയത്. കഴിഞ്ഞ തവണ ആര്‍സിബി ലിവിങ്സ്റ്റണിനെ സ്വന്തമാക്കിയത് 8.75 കോടിക്കാണ്. എന്നാല്‍ ചെലവഴിച്ച തുകയ്ക്കു അനുസരിച്ചുള്ള പ്രകടനം ലിവിങ്സ്റ്റണില്‍ നിന്നുണ്ടായില്ല. മോശം പ്രകടനത്തെ തുടര്‍ന്നാണ് ലിവിങ്സ്റ്റണിനെ റിലീസ് ചെയ്യാന്‍ ആര്‍സിബി തീരുമാനിച്ചത്. ഈ താരത്തെയാണ് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തുകയ്ക്കു ഹൈദരബാദ് ലേലത്തിലെടുത്തത്.
കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് വെറും 112 റണ്‍സാണ് ആര്‍സിബിക്കായി ലിവിങ്സ്റ്റണ് നേടിയത്. ബാറ്റിങ് ശരാശരി 13, സ്ട്രൈക് റേറ്റ് 133.33 മാത്രം. ബൗളിങ്ങിലും താരം നിരാശപ്പെടുത്തിയിരുന്നു. 10 മത്സരങ്ങളിലായി ഒന്‍പത് ഓവറില്‍ നിന്ന് രണ്ട് വിക്കറ്റ്. ഇന്ത്യന്‍ സാഹചര്യത്തില്‍ മുന്‍പും നിരാശപ്പെടുത്തിയിട്ടുള്ള താരത്തെ 13 കോടിക്ക് വാങ്ങിയ ഹൈദരബാദിന്റെ ‘തന്ത്രം’ വന്‍ അബദ്ധമാണെന്ന് ആരാധകര്‍ പറഞ്ഞാലും കുറ്റം പറയാന്‍ പറ്റില്ല.
മാത്രമല്ല താരലേലത്തില്‍ ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ് ആയ താരം കൂടിയാണ് ലിവിങ്സ്റ്റണ്. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ റൗണ്ടില്‍ ലിവിങ്സ്റ്റണിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ഒരു ഫ്രാഞ്ചൈസിയും ലിവിങ്സ്റ്റണില്‍ താല്പര്യം പ്രകടിപ്പിച്ചില്ല. രണ്ടാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ ലിവിങ്സ്റ്റണിനെ സ്വന്തമാക്കാന്‍ പ്രമുഖ ഫ്രാഞ്ചൈസികളുടെ തിക്കും തിരക്കുമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത് ടൈറ്റന്‍സും ലിവിങ്സ്റ്റണിനു വേണ്ടി ആദ്യം രംഗത്തുണ്ടായിരുന്നു. പിന്നീട് സണ്‍റൈസേഴ്സ് ഹൈദരബാദും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലായി പോര്. ഒടുവില്‍ പഴ്സ് ബാലന്‍സ് കഴിഞ്ഞപ്പോള്‍ ലഖ്നൗ ലിവിങ്സ്റ്റണിനായുള്ള ശ്രമം ഉപേക്ഷിച്ചു. അങ്ങനെയാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഇംഗ്ലണ്ട് താരത്തെ സ്വന്തമാക്കിയത്.
















