Homepage Featured Kerala News

ശബരിമലയിൽ വീണ്ടും നടപടി; എസ് ശ്രീകുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പൊലീസ് നടപടി തുടരുന്നു. ശബരിമല ഉദ്യോ​ഗസ്ഥനായിരുന്ന എസ് ശ്രീകുമാറിനെ അന്വേഷണത്തിന്റെ ഭാ​ഗമായി എസ്ഐടി അറസ്റ്റ് ചെയ്തു. കട്ടിളപ്പടി ശബരിമലയ്ക്ക് പുറത്തുകൊണ്ടുപോകുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ.

വിചാരണക്കോടതിക്ക് പിന്നാലെ ഹൈക്കോടതിയും ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. എസ് ജയശ്രീയുടേയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. ശബരിമല മുൻ സെക്രട്ടറിയെന്ന നിലയിൽ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് നൽകാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചത് എസ് ശ്രീകുമാർ ആയിരുന്നു.

ശബരിമലയിൽ സ്വർണപ്പാളി വിവാദത്തിൽ ആദ്യം അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി ആയിരുന്നു. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് വേർതിരിച്ചെടുത്ത ശേഷം ​ഗോവർദ്ധൻ എന്നയാളുടെ ബെല്ലാരിയിലെ ജ്വല്ലറിയിൽ സ്വർണം വിറ്റെന്ന് എസ്ഐടി കണ്ടെത്തിയതോടെയായിരുന്നു അറസ്റ്റ്. സ്ഥിര വരുമാനവുമില്ലാത്ത പോറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2025-ൽ മാത്രം എത്തിയത് 10 ലക്ഷം രൂപയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പിന്നീട് ശബരിമലയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്നപ്പോൾ സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയ മുരാരി ബാബു അറസ്റ്റിലായി. മുരാരി ബാബുവിനെ കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ 2019 കാലത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. തുടർന്ന് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മൂന്നാമതായാണ് ഇയാൾ അറസ്റ്റിലായത്. ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലേത് സ്വര്‍ണപ്പാളികള്‍ അല്ലെന്നും ചെമ്പുപാളികള്‍ ആണെന്നും മുരാരി ബാബു റിപ്പോര്‍ട്ട് ചെയ്ത 2019 കാലത്ത് സുധീഷ്‌കുമാര്‍ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

ഉദ്യോ​ഗസ്ഥരിൽ നിന്ന് ദേവസ്വം ബോർഡിലേക്ക് അറസ്റ്റും പൊലീസ് നടപടിയും നീണ്ടു. പൊലീസ് കസ്റ്റഡിയിൽ സുധീഷ്‌കുമാറിന്റെ മൊഴിയെടുത്ത ശേഷം 2019-ല്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്ന എൻ വാസുവിനെയായിരുന്നു അടുത്തതായി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസിഡന്റായിരിക്കെ എന്‍ വാസുവിന് സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ സന്ദേശം ലഭിച്ചു. സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും മെയിലയച്ച് പോറ്റി ചോദിച്ചു. ഇമെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്‌തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമാണ് എൻ വാസു പറയുന്നത്. എന്നാൽ വാസുവിന്റെ ഈ മൊഴി എസ്ഐടി കണക്കിലെടുത്തില്ല. അധികം വന്ന സ്വര്‍ണം സ്‌പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.

2019 ൽ സ്വർണപ്പാളികൾ കൈമാറുമ്പോൾ സ്വർണം തൂക്കി നൽകേണ്ട ചുമതലയുള്ള ഉദ്യോ​ഗസ്ഥനായിരുന്ന തിരുവാഭരണ കമ്മീഷണർ കെഎസ് ബൈജുവിനേയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. സ്വർണപ്പാളികൾ കൈമാറുന്ന ദിവസത്തെ അസാന്നിധ്യം ​ഗൂഢാലോചനയ്ക്കുള്ള തെളിവായാണ് എസ്എടി കണക്കാക്കിയത്.

തുടർന്ന് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന ആരോപണത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും നിലവിലെ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അം​ഗവുമായ എ പത്മകുമാർ അറസ്റ്റിലായി. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽവെച്ച് എസ്പി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്തു. 2019 ഫെബ്രുവരി 26നാണ് സ്വർണത്തെ ചെമ്പാക്കി വാസു ഫയലെഴുതിയത്. തൊട്ടടുത്ത മാസം എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് യോഗം ഈ ഫയലിന് അംഗീകാരം നൽകി. അങ്ങിനെയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി ചട്ടങ്ങൾ ലംഘിച്ച് കട്ടിളപ്പാളികൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയതും സ്വർണം കവർന്നതും. അതിനാൽ വാസുവിന് സമാനമായ പങ്ക് പത്മകുമാറിനുമുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്.

Related Posts