കൊച്ചി: കിഫ്ബി മസാലാബോണ്ടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് 3 മാസത്തേക്ക് സ്റ്റേ. ഹൈക്കോടതിയാണ് കാരണം കാണിക്കൽ നോട്ടീസിന് സ്റ്റേ നൽകിയത്. മസാല ബോണ്ട് ഇറക്കിയതിൽ ‘ഫെമ’ നിയമലംഘനമുണ്ടെന്നായിരുന്നു എന്നാണ് ഇഡിയുടെ അഡ്ജുഡികേഷൻ വിഭാഗത്തിന്റെ വാദം. എന്നാൽ അത്തരത്തിലുള്ള യാതൊരു നിയമലംഘനവുമുണ്ടായിട്ടില്ലെന്നും ആർബിഐയുടെ അനുമതിയോടെയാണ് ബോണ്ട് ഇറക്കിയതെന്നും സർക്കാരും മുൻ ധനമന്ത്രിമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി, മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവർക്കായിരുന്നു ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഇത് രാഷ്ട്രീയപ്രേരിതമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും ഉദ്യോഗസ്ഥരടക്കം വ്യക്തമാക്കിയിരുന്നു. ഈ നോട്ടീസിനാണ് കോടതി മൂന്ന് മാസത്തെ സ്റ്റേ അനുവദിച്ചത്. കോടതി നടപടി മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രിക്കും താത്കാലിക ആശ്വാസമാണ്. എന്നാൽ സ്റ്റേ കാലാവധി അവസാനിക്കുന്നതോടെ ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ കഴിയുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
മസാലബോണ്ട് വഴി സമാഹരിച്ച തുകയിലൊരു ഭാഗം ഭൂമി വാങ്ങാൻ (purchase) ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് മസാലബോണ്ട് നിബന്ധന പ്രകാരം പാടില്ലാത്തതാണെന്നുമാണ് ഇഡി കണ്ടെത്തിയ കുറ്റമെന്ന് തോമസ് ഐസക് നേരത്തേ പ്രതികരിച്ചിരുന്നു. പക്ഷേ, കിഫ്ബി ഭൂമി വാങ്ങിയിട്ടില്ലെന്നും ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അത് അനുവദനീയമാണെന്ന് തോമസ് ഐസക് കൂട്ടിച്ചേർത്തു. മാത്രമല്ല, ഫെമ നിയമലംഘനമായി ചൂണ്ടിക്കാട്ടുന്ന മസാലബോണ്ടിന്റെ നിബന്ധന കിഫ്ബി ഫണ്ട് വിനിയോഗ സമയമായപ്പോഴേക്കും റിസർവ്വ് ബാങ്ക് ഒഴിവാക്കുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















