Cinema Entertainment Homepage Featured

‘ദി ഗ്രേറ്റ് ഫാദറിനു’ ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്നു

‘ദി ഗ്രേറ്റ് ഫാദര്‍’ സംവിധായകന്‍ ഹനീഫ് അദേനിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലായിരിക്കും മമ്മൂട്ടിയും ഹനീഫും ഒന്നിക്കുക. ‘മാര്‍ക്കോ’യുടെ വന്‍ വിജയത്തിനു ശേഷം ഹനീഫ് അദേനിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഹനീഫ് അദേനിയുടെ സംവിധാന അരങ്ങേറ്റം ‘ദി ഗ്രേറ്റ് ഫാദറി’ലൂടെയായിരുന്നു. മമ്മൂട്ടി നായകനായ ‘അബ്രഹാമിന്റെ സന്തതികള്‍’ തിരക്കഥയും ഹനീഫ് അദേനി ആയിരുന്നു. രണ്ട് സിനിമകളിലും വളരെ സ്റ്റൈലിഷായാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കാന്‍ പോകുന്ന മമ്മൂട്ടി-ഹനീഫ് അദേനി ചിത്രത്തില്‍ സൗത്ത് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു സൂപ്പര്‍താരവും ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം ‘കിങ് ഓഫ് കൊക്കൈന്‍’ എന്നറിയപ്പെടുന്ന പാബ്ലോ എസ്‌കോബാറായാണ് ഹനീഫ് അദേനി ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുകയെന്നാണ് വിവരം. ഏറ്റവും സമ്പന്നനായ ലഹരി മാഫിയ തലവന്‍ എന്നാണ് എസ്‌കോബാര്‍ അറിയപ്പെടുന്നത്. കൊളംബിയന്‍ ഡ്രഗ് ലോര്‍ഡ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ എസ്‌കോബാറിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതായിരിക്കും ചിത്രമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയോട്ട്’ ആണ് മമ്മൂട്ടിയുടേതായി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സിനിമ. ഇതിനുശേഷം ‘ഫാലിമി’ സംവിധായകന്‍ നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക. നിതീഷ് സഹദേവ് ചിത്രത്തിനു ശേഷമായിരിക്കും ഹനീഷ് അദേനി സിനിമ ആരംഭിക്കുക. ഇതിനിടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചേക്കും. ഹനീഫ് അദേനി – മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് 2026 ല്‍ തന്നെ ഉണ്ടാകാനാണ് സാധ്യത.

Related Posts