തിരുവനന്തപുരം നഗരത്തിന്റെ ഭരണം ആദ്യമായി പിടിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ബിജെപി. ആരായിരിക്കണം മേയര്‍ എന്ന ചര്‍ച്ചകളിലേക്ക് ബിജെപി സംസ്ഥാന നേതൃത്വം കടന്നു. സംസ്ഥാന സെക്രട്ടറിയായ വി.വി.രാജേഷിനെയാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അടക്കം കോര്‍പറേഷനില്‍ സുപരിചിതനാണ് രാജേഷ്. മാത്രമല്ല നഗരവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആകാന്‍ രാജേഷ് അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര തീരുമാനത്തിനു ശേഷമായിരിക്കും പ്രഖ്യാപനം. തിരുവനന്തപുരം കോര്‍പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി.വി.രാജേഷ് വിജയിച്ചത്.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍.ശ്രീലേഖയുടെ പേരും മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും രാഷ്ട്രീയത്തില്‍ പരിചയസമ്പത്ത് കുറവായതിനാല്‍ സംസ്ഥാന നേതൃത്വം തള്ളി. അതേസമയം ശ്രീലേഖ ഡപ്യൂട്ടി മേയര്‍ പദവിയിലേക്ക് എത്തും. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്.
50 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായാണ് എന്‍ഡിഎ കോര്‍പറേഷന്‍ അധികാരം പിടിച്ചത്. എല്‍ഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളും സ്വന്തമാക്കി.
ഇടത് കോട്ടയായ കൊല്ലം കോര്‍പറേഷന്‍ പിടിച്ചെടുത്ത യുഡിഎഫ്. മേയര്‍ സ്ഥാനത്തേക്ക് ഉറപ്പിച്ചിരിക്കുന്നത് എ.കെ.ഹഫീസിനെയാണ്. 56 സീറ്റുകളില്‍ 27 എണ്ണം പിടിച്ചെടുത്താണ് യുഡിഎഫ് കൊല്ലം കോര്‍പറേഷനില്‍ അധികാരത്തിലെത്തുന്നത്. എല്‍ഡിഎഫ് 16 സീറ്റുകളില്‍ ഒതുങ്ങി.
കൊച്ചി കോര്‍പറേഷനില്‍ ദീപ്തി മേരി വര്‍ഗീസ് മേയര്‍ ആയേക്കും. 76 ഡിവിഷനുകളില്‍ 46 എണ്ണം നേടിയാണ് കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് പിടിച്ചത്. 2020 ല്‍ 31 ഡിവിഷനുകളാണ് യുഡിഎഫിനു ലഭിച്ചത്. തൃശൂര്‍ കോര്‍പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് ഒന്നിലേറെ പേരുകള്‍ പരിഗണിക്കപ്പെടുന്നുണ്ട്. രണ്ടോ മൂന്നോ ടേമുകളായി മേയറെ തീരുമാനിക്കാനാണ് ആലോചന.
















