തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്നും കാരണങ്ങൾ എന്തെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാന നഗരത്തിൽ എൻഡിഎക്ക് മേൽക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗ്ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വർഗീയ ശക്തികളുടെ പ്രചാരണങ്ങളിൽ ജനങ്ങൾ പെട്ടുപോകാതിരിക്കാൻ കൂടുതൽ ജാഗ്രതയുണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. “വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.”-അദ്ദേഹം പറഞ്ഞു
ജനങ്ങളുടെ പിന്തുണ നേടാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പിണറായി വിജയൻ പറഞ്ഞു. “എല്ലാത്തരം വർഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതൽ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയ്ക്കും ഈ ഫലം അടിവരയിടുന്നുണ്ട്. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആർജ്ജിച്ചു മുന്നോട്ടു പോകാനുള്ള ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി വരും നാളുകളിൽ കടക്കും.”-മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ഭദ്രമാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ വികസന-ജനക്ഷേമ പദ്ധതികൾക്കുള്ള ജന പിന്തുണ ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമായി എൽഡിഎഫ് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
















