സാൻ ഫ്രാൻസിസ്കോയിലെ ഒരു യാത്രക്കാരിയുമായി ആശുപത്രിയിലേക്ക് പോയ വേമോ എന്ന കമ്പനിയുടെ ഡ്രൈവർ ഇല്ലാത്ത കാറിൽ യുവതിക്ക് സുഖപ്രസവം. റോബോ ടാക്സിയിൽ യാത്ര ചെയ്യവേ സ്ത്രീ പ്രസവിച്ചു എന്നാണ് കമ്പനി സ്ഥിരീകരിച്ചത്. സാൻ ഫ്രാൻസിസ്കോ മെഡിക്കൽ സെന്ററിലേക്ക് പോകാനാണ് യുവതി യാത്ര ബുക്ക് ചെയ്തത്. എന്നാൽ യാത്രാമധ്യേ അതികഠിനമായ പ്രസവവേദന തുടങ്ങി.
എന്നാൽ വാഹനത്തിനുള്ളിൽ അസാധാരണമായി എന്തോ നടക്കുന്നുണ്ടെന്ന് വേമോയുടെ റൈഡർ സപ്പോർട്ട് ടീമിൻറെ ശ്രദ്ധയിൽപ്പെട്ടു. അവർ ആദ്യം തന്നെ ആ സ്ത്രീയെ ഫോണിൽ ബന്ധപ്പെടുകയും ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് എമർജൻസി സർവീസുകളെ വിവരം അറിയിക്കുകയായിരുന്നു. റോബോ ടാക്സി ആശുപത്രിയിൽ എത്തിയപ്പോഴേക്കും സ്ത്രീ പ്രസവിച്ചിരുന്നു. അമ്മയും നവജാത ശിശുവും സുരക്ഷിതർ ആണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിൽ ഇപ്പോൾ റോബോ ടാക്സിയുടെ കാലഘട്ടമാണ്. ഡ്രൈവറില്ലാത്ത ഇത്തരം വാഹനങ്ങളെ ആശ്രയിക്കാൻ യാത്രക്കാർക്ക് യാതൊരു മടിയുമില്ല. യാത്രയ്ക്ക് ശേഷം ടാക്സി ഉടൻ തന്നെ വിശദമായ ശുചീകരണത്തിനായി സർവീസിൽ നിന്ന് മാറ്റിയതായി വേമോ അറിയിച്ചു.
















