നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവത്തിൽ നിശാക്ലബ്ബിന്റെ സ്ഥാപകരായിരുന്ന ലുത്ര സഹോദരന്മാർ തായ്‌ലൻഡിൽ അറസ്റ്റിൽ. ഇന്ത്യയുടെ അഭ്യർഥന മാനിച്ച് തായ് പോലീസ് ലുത്ര സഹോദരന്മാരെ ഫുക്കറ്റിൽ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം അവർ ഒളിവിൽ പോകുകയായിരുന്നു.
ലുത്ര സഹോദരങ്ങളുടെ പാസ്‌പോർട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ സർക്കാർ നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച രണ്ട് സഹോദരന്മാർക്കെതിരെയും ഇന്റർപോൾ ‘ബ്ലൂ കോർണർ നോട്ടീസ്’ പുറപ്പെടുവിച്ചിരുന്നു.
ഡിസംബർ 6 നാണ് ഗോവയിലെ അർപോറയിലുള്ള ബിർച്ച് ബൈ റോമിയോ നിശാക്ലബ്ബിൽ തീപിടുത്തമുണ്ടായത് . ഈ സംഭവത്തിൽ 25 പേർ ദാരുണമായി മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നടപടിയുടെ ഭാഗമായി, നിശാക്ലബ് തീപിടുത്തത്തിലെ മുഖ്യ പ്രതികളായ ഗൗരവിന്റെയും സൗരഭ് ലുത്രയുടെയും പാസ്‌പോർട്ടുകൾ പോലീസ് സസ്‌പെൻഡ് ചെയ്തിരുന്നു.
















