Articles Health

ശരീര ഭാരം കുറയ്ക്കാൻ ചിയ സീഡ്സ്; ഏതു സമയത്ത്, എങ്ങനെ കഴിക്കണം?

രോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴികളിൽ ഒന്നാണ്. ഭക്ഷണത്തിൽ ചിയ സീഡ്സ് ഉൾപ്പെടുത്തുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ചെറിയ വിത്തുകളാണെങ്കിലും, ചിയ സീഡ്സുകൾക്ക് നിരവധി പോഷക ഗുണങ്ങളുണ്ട്. ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു, കൂടാതെ ഇവ പ്രീബയോട്ടിക്കുകളായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഇവയിലെ ലയിക്കുന്ന നാരുകൾ വയറ്റിൽ ഒരു ജെൽ രൂപപ്പെടുത്തുകയും, അത് കാരണം കൂടുതൽ സമയം വയറു നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. ഇത് കാലറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമായതിനാൽ വിശപ്പിനെ നിയന്ത്രിക്കുന്നു. ചിയ സീഡ്സ് ഭക്ഷണത്തിൽ ചേർക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

പോഷകാഹാര വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വെറും രണ്ട് ടേബിൾസ്പൂൺ ചിയ സീഡ്സിൽ ഏകദേശം 10 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദൈനംദിന ഫൈബർ ആവശ്യം നിറവേറ്റാൻ സഹായിക്കും. ഇവയുടെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനത്തെ സഹായിക്കുകയും വയറുനിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു, ഇത് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചൊരു തിരഞ്ഞെടുപ്പാണ്. കൂടാതെ, തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് പ്രധാനമായ ഒമേഗ-3 ഫാറ്റി ആസിഡുകളും ഇവ നൽകുന്നു.

ശരീരഭാരം കുറയ്ക്കാൻ ചിയ സീഡ്സ് സഹായിക്കുന്നത് എങ്ങനെ?

നാരുകളാൽ സമ്പന്നം: ഇവയിൽ ലയിക്കുന്ന നാരുകൾ കൂടുതലാണ്. ഇത് വെള്ളത്തിൽ കലരുമ്പോൾ ജെൽ രൂപത്തിലാവുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യുന്നു. തൽഫലമായി, ദിവസം മുഴുവനും കുറഞ്ഞ കാലറി മാത്രമേ നിങ്ങൾ കഴിക്കുകയുള്ളൂ.

മെറ്റബോളിസം വർദ്ധിപ്പിക്കുന്നു: ഫൈബറും പ്രോട്ടീനും കൂടുതലായതിനാൽ ചിയ സീഡ്സ് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിനർത്ഥം വിശ്രമിക്കുമ്പോൾ പോലും കാലറി കൂടുതൽ ഫലപ്രദമായി എരിച്ചു കളയാൻ ശരീരത്തിന് കഴിയും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നു: ചിയ സീഡ്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും. ഇത് ഊർജ്ജനഷ്ടവും മാനസികാവസ്ഥയിലുള്ള മാറ്റങ്ങളും തടയുന്നു. പഞ്ചസാരയുടെ അളവ് സ്ഥിരമായിരിക്കുമ്പോൾ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയുന്നു.

കുടലിന്റെ ആരോഗ്യം: ചിയ സീഡ്സുകളിൽ പ്രീബയോട്ടിക് ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. മെച്ചപ്പെട്ട ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു.

ചിയ സീഡ്സ് കഴിക്കേണ്ട രീതി

മോണിംഗ് സ്മൂത്തി: ചിയ വിസീഡ്സുകൾ, പഴങ്ങൾ, സ്പിനച്, അൽപ്പം പാൽ എന്നിവ ചേർത്ത് ഒരു സ്മൂത്തി ഉണ്ടാക്കി ദിവസം ആരംഭിക്കുക. ഇത് ഉച്ചഭക്ഷണം വരെ ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കും.

രുചികരമായ ടോപ്പിംഗ്: തൈരിലോ ഓട്സിലോ ചിയ സീഡ്സ് ചേർത്ത് കഴിക്കാം. ഇത് ഭക്ഷണത്തിലെ ഫൈബറും പ്രോട്ടീനും വർദ്ധിപ്പിക്കും.

ചിയ പുഡ്ഡിംഗ്: പാൽ (സാധാരണയോ പ്ലാന്റ് ബേസ്ഡ് ആയതോ) ചിയ സീഡ്സുകളുമായി കലർത്തി കട്ടിയാകുന്നത് വരെ വെക്കുക. ശേഷം ബെറികളോ നട്‌സുകളോ ചേർത്ത് ആരോഗ്യകരമായ ലഘുഭക്ഷണമായി കഴിക്കാം.

ബേക്കിങ്: ബ്രെഡുകളിൽ മുട്ടയ്ക്ക് പകരമായി ചിയ സീഡ്സ് വെള്ളത്തിൽ കുതിർത്ത് ഉണ്ടാക്കുന്ന ജെൽ ഉപയോഗിക്കാം.

ചിയ സീഡ്സ് ചേർത്ത വെള്ളം: ഭക്ഷണങ്ങൾക്കിടയിലുള്ള വിശപ്പ് കുറയ്ക്കാനും ജലാംശം നിലനിർത്താനും ചിയ സീഡ്സുകൾ വെള്ളത്തിലോ ഹെർബൽ ടീയിലോ ചേർത്ത് കുടിക്കാം.

ചിയ സീഡ്സ് കഴിക്കേണ്ട ഏറ്റവും നല്ല സമയം

ശരീര ഭാരം കുറയ്ക്കുന്ന കാര്യത്തിൽ സമയം പ്രധാനമാണ്. പ്രഭാതഭക്ഷണത്തോടൊപ്പം ചിയ സീഡ്സുകൾ ചേർത്ത് കഴിക്കുന്നത് ദിവസം മുഴുവൻ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. എന്നിരുന്നാലും, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെ ഏത് നേരത്തെ ഭക്ഷണത്തിലും ഇവ ഉൾപ്പെടുത്താവുന്നതാണ്. നിങ്ങൾക്ക് അനുയോജ്യമായ ഒരു ദിനചര്യ കണ്ടെത്തുകയാണ് പ്രധാനം.

Related Posts