നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപ് നിയമനടപടിക്ക്. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. പ്രത്യേക അന്വേഷണസംഘം മുഖ്യമന്ത്രിയെ അടക്കം തെറ്റിദ്ധരിപ്പിച്ചെന്നാണ് ദിലീപിന്റെ വാദം. തന്നെ മോശക്കാരനായി ചിത്രീകരിക്കാന്‍ ചില തത്പരകക്ഷികള്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ദിലീപുമായി അടുത്ത വൃത്തങ്ങളും അറിയിക്കുന്നത്.
ചില ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി. വിധി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് നടന്റെ തീരുമാനം. മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ക്കെതിരെയും ദിലീപ് നിയമനടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.
കേസില്‍ വിധി കേട്ടു പുറത്തുവന്നതിനു പിന്നാലെ മഞ്ജു വാരിയറെ ലക്ഷ്യമിട്ടാണ് ദിലീപ് ആദ്യത്തെ വെടി പൊട്ടിച്ചത്. ‘ഈ കേസില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞിടത്തുനിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിക്കുന്നത്. പൊലീസിലെ ഒരു മേലുദ്യോഗസ്ഥയും ഒരു കൂട്ടം ക്രിമിനല്‍ പൊലീസുകാരും ചില മാധ്യമങ്ങളും എനിക്കെതിരെ നീക്കങ്ങള്‍ നടത്തി,’ എന്നാണ് ദിലീപ് പ്രതികരിച്ചത്. ദിലീപിന്റെ അഭിഭാഷകനും ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ചിരുന്നു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ ദിലീപിനെ കുടുക്കാന്‍ ശ്രമം നടത്തിയെന്നാണ് ആരോപണം.
അതേസമയം ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകും. നിയമമന്ത്രി പി.രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചെന്നും സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം ആണെന്നും മന്ത്രി രാജീവ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ മാത്രമാണ് കുറ്റക്കാരെന്ന് വിചാരണ കോടതി വിധിച്ചു. ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്.
















