പത്തനംതിട്ട: ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെട്ട കേസിൽ നടന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും യുഡിഎഫ് കൺവീനർ. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതികരിച്ചു.
സർക്കാർ അപ്പീൽ പോകുമെന്നും സർക്കാരിന് മറ്റു പണിയൊന്നുമില്ലെന്നും അടൂർ പ്രകാശ് പറയുന്നു. സർക്കാരിന് എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റുന്നതാണെന്നും അടൂർ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു അടൂർ പ്രകാശിൻ്റെ പ്രതികരണം.
അതേസമയം വിധി പകർപ്പ് ലഭിച്ചശേഷം തുടർനടപടിക്കൊരുങ്ങുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് നടൻ ദിലീപ് നിയമ നടപടിക്കൊരുങ്ങുന്നത്. അന്വേഷണസംഘം മുഖ്യമന്ത്രിയെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ദിലീപ് വാദിക്കും. ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്ന് ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച കേസിലെ കോടതി വിധി ആശ്വാസകരമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടത്.
തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയെന്ന് വി മുരളീധരൻ പറഞ്ഞു. എല്ലാ വിധിയും അനുകൂലമാകണമെന്നില്ലെന്നും വിധിയിൽ തൃപ്തിയില്ലെങ്കിൽ അതിജീവിതയ്ക്ക് കോടതിയെ സമീപിക്കുവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി വായിച്ച ശേഷം പ്രതികരിക്കാമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്ന് ഉമ തോമസ് എംഎൽഎ പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ സർക്കാർ സ്വീകരിച്ചത് കർശന നിലപാടാണെന്ന് ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഐഎം ഇതുവരെയും തുടർന്നും അതിജീവിതയ്ക്ക് ഒപ്പമാണെന്നും സംസ്ഥാന സർക്കാറും അതിജീവിതക്കൊപ്പമാണ് നിലകൊണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ധൻ പറഞ്ഞു. സംസ്ഥാന സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്നായിരുന്നു കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ പ്രതികരണം.
















