ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നൽകിയ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ. വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കാണ് ശശി തരൂർ പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ തരൂർ പാർട്ടിയോട് ആലോചിച്ചിക്കാതെയാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. പ്രതിപക്ഷനേതാക്കളെ വിളിക്കാത്ത ചടങ്ങിൽ ശശി തരൂർ പങ്കെടുത്തതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പങ്കെടുത്ത വിരുന്നിലാണ് ശശി തരൂരും പങ്കെടുത്തത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾക്ക് പുടിന് നൽകിയ സ്വീകരണ പരിപാടിയിൽ ക്ഷണമുണ്ടായിരുന്നില്ല. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് പാർട്ടിയുടെ അനുമതി വാങ്ങാതെ ശശി തരൂർ പരിപാടിയിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും മറ്റ് വിദേശ പ്രധാനമന്ത്രിമാരുമായും പ്രസിഡന്റുമാരുമായും മുമ്പ് കൂടിക്കാഴ്ച നടന്നിരുന്നതായി തനിക്കറിയാമെന്നും, ഇത്തവണ അത് എന്തുകൊണ്ട് സാധ്യമായില്ല, എന്നത് സർക്കാരിനോട് ചോദിക്കേണ്ടിവരുമെന്നും ശശി തരൂർ പ്രതികരിച്ചു.
ശശി തരൂർ പങ്കെടുത്തതിൽ എഐസിസി നേതാവ് പവൻ ഖേര അതൃപ്തി പ്രകടിപ്പിച്ചു. തങ്ങളുടെ നേതാക്കളെ വിളിക്കാതെ തന്നെ മാത്രം വിളിച്ചപ്പോൾ, അതിനു പിന്നിലെ കളികൾ ശശി തരൂർ തിരിച്ചറിയേണ്ടതായിരുന്നുവെന്ന് പവൻ ഖേര പറഞ്ഞു. കേന്ദ്ര സർക്കാർ ഇതുവരെ തുടർന്നു വന്ന എല്ലാ പ്രോട്ടോക്കോളുകളും ലംഘിക്കുന്നതായും ഖേര അഭിപ്രായപ്പെട്ടു. വിദേശ പ്രതിനിധികൾ വരുമ്പോൾ ‘അരക്ഷിതാവസ്ഥ’ കൊണ്ടാണ് കേന്ദ്ര സർക്കാർ തങ്ങളെ ക്ഷണിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു.
സാധാരണയായി വിദേശത്തുനിന്നുള്ള പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുമ്പോൾ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാറുണ്ടായിരുന്നുവെന്നും അതായിരുന്നു വാജ്പേയ് സർക്കാരിന്റെയും മൻമോഹൻ സിങ് ഗവണ്മെന്റിന്റെയും കാലത്തുണ്ടായിരുന്ന പാരമ്പര്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തങ്ങളും ഇന്ത്യയെ പ്രതിനിധീകരിക്കുന്നവരാണെന്നും എന്നാൽ ഏത് രാജ്യത്തു പോയാലും പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് അവർക്ക് നിർദേശം ലഭിച്ചെന്നാണ് അവർ പറയുന്നതെന്ന കാര്യവും നേരത്തേ രാഹുൽ വെളിപ്പെടുത്തിയിരുന്നു.
അതേസമയം റഷ്യൻ പ്രസിഡന്റിന് ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഊഷ്മള സ്വീകരണമൊരുക്കി. വിമാനത്താവളത്തില് എത്തിയ വ്ലാദിമിർ പുടിനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. മഹാത്മാ ഗാന്ധിയുടെ സ്മൃതി കുടീരത്തിലെത്തി പുടിൻ പുഷ്പചക്രം സമർപ്പിച്ചു. നാലു വർഷത്തിനു ശേഷമാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച ശേഷമുളള പുടിന്റെ ആദ്യ സന്ദർശനമാണ് ഇതെന്നുള്ള പ്രത്യേകതയുമുണ്ട്.
















