തിരുവനന്തപുരം: കെ ജയകുമാർ ഇരട്ടപ്പദവി വഹിക്കുന്നുവെന്നും അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് ബി അശോക് ഐഎഎസ് ഹർജി നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹർജി നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ(IMG) ഡയറക്ടറായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായെന്ന് ചൂണ്ടിക്കാട്ടിയാണ് ബി അശോക് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഐഎംജി പദവി ഒഴിഞ്ഞ ശേഷം വേണമായിരുന്നു ദേവസ്വത്തിലെ ചുമതല ഏറ്റെടുക്കാനെന്ന് ബി അശോക് പറയുന്നു. സർക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥന് എങ്ങിനെ ദേവസ്വം പ്രസിഡന്റ് ആകാൻ കഴിയുമെന്ന് അശോക് ചോദിക്കുന്നു. ജയകുമാറിന്‍റെ ഐഎംജി ഡയറക്ടര്‍ നിയമനവും ചട്ടലംഘമെന്ന് അദ്ദേഹം ആരോപിച്ചു. ക്ലർക്ക് അടക്കമുള്ള ഏത് പദവിയിലുമുള്ളവരും മറ്റു പദവിയിൽ തുടരരുത് എന്നിരിക്കെ ജയകുമാറിന്റേത് ചട്ടലംഘനം തന്നെയാണെന്ന് വ്യക്തമാക്കുകയാണ് ബി അശോക് ഐഎഎസ്.
അതേസമയം, ഐഎംജി ഡയറക്ടര്‍ ചുമതല ഒഴിയുമെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ പ്രതികരിച്ചു. പകരക്കാരനെത്തുന്നതു വരെ മാത്രമാണ് പദവിയിൽ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടപ്പദവി ഇല്ലെന്നും ബോർഡ് പ്രസിഡന്റ് ആയതിൽ ചട്ടലംഘനം ഇല്ലെന്നും കെ ജയകുമാർ പറഞ്ഞു. രണ്ടിടത്തും ആനുകൂല്യം പറ്റുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
















