തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാതിരിക്കാൻ ഒമ്പതാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഡ്രൈവറെയും പിഎയെയും പൊലീസ് ചോദ്യം ചെയ്തു.
ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തളളിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിക്കുന്നത്. ഗുരുതര ആരോപണങ്ങളുടെ പാശ്ചാത്തലത്തിലായിരുന്നു സെഷൻസ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. രാഹുലിനെ ഒളിവിൽ പോകാൻ സഹായിച്ച പിഎ ഫസലിനെയും ഡ്രൈവര്‍ ആൽവിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ആൽവിനും പിഎ ഫസലിനുമൊപ്പമാണ് രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. വ്യാഴാഴ്ച പാലക്കാട് നിന്ന് തമിഴ്നാട്ടിലേക്ക് പോയതായി കരുതുന്ന ഇവർ ശനിയാഴ്ചയാണ് തിരിച്ചെത്തിയത്.
ഇന്നലെ രാത്രി കാസര്‍കോട് ഹോസ്‍ദുര്‍ഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. ഇതോടെ രാഹുൽ കസ്റ്റഡിയിലായെന്ന പ്രചാരണവുമുണ്ടായി. എന്നാൽ ഇത് തെറ്റായ പ്രചാരണമാണെന്ന് പൊലീസ് പറഞ്ഞു. രാഹുൽ കസ്റ്റഡിയിലില്ലെന്ന് എസ്‍പി വിജയ് ഭരത് റെഡി അറിയിച്ചു. ഇന്നലെ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ച ശേഷവും രാഹുൽ ഒളിവിൽ തുടരുകയാണ്. കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ഇയാളെ എഐസിസിയുടെ അനുമതിയോടെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. വിധി വന്നതോടെ കെപിസിസി സംസ്ഥാന പ്രസിഡന്റ് സണ്ണി ജോസഫ് ഇക്കാര്യം നേരിട്ട് മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
യുവതിയുടെ പരാതി മുഖ്യമന്ത്രിയ്ക്ക് ലഭിച്ചതിനു പിന്നാലെ രാഹുൽ ഒളിവിൽ പോയിരുന്നു.
യുവ നടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് തമിഴ്നാട് കർണാടക അതിർത്തിയായ ബാഗല്ലൂരിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞെന്നും പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ബാംഗ്ലൂരിലേക്കും കടന്നുവെന്നാണ് വിവരം. ഇവിടെ നിന്നും രാഹുൽ മറ്റൊരു അജ്ഞാത കേന്ദ്രത്തിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകളുണ്ട്.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല. പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചുകൊണ്ടാണ് രാഹുൽ ഒളിവിൽ കഴിയുന്നത്. ജാമ്യാപേക്ഷ കോടതി തള്ളിയതോടെ രാഹുൽ സ്ഥിരമായി ഉപയോഗിക്കുന്ന ഫോൺ ഓണായിരുന്നു. ഇതായിരുന്നു രാഹുൽ കീഴടങ്ങിയേക്കുമെന്ന സൂചന നൽകിയത്. എന്നാൽ ഇന്നലെയും രാഹുൽ കീഴടങ്ങിയിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിൽ തുടരുന്നതിനാൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയേക്കും.
















