Homepage Featured Kerala News

‘സംസ്ഥാനത്തിന്റെ വളർച്ചയിൽ പങ്കുവഹിക്കും’; ബ്രഹ്‌മോസ് മിസൈലിനായി ഡിആർഡിഓയ്ക്ക് ഭൂമി കൈമാറുന്നതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുകയാണ്. ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമി ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് അനുമതി നൽകിയിരുന്നു. അനുമതിയിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ തൊഴിലവസരങ്ങളും നിക്ഷേപ സാധ്യതകളും സൃഷ്ടിക്കപ്പെടുന്നത് വഴി സംസ്ഥാനത്തിന്റെ വളർച്ചയിലും ഈ പുതിയ യൂണിറ്റ് വലിയ പങ്കു വഹിക്കും.

മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് രണ്ട് സ്ഥലങ്ങൾ പദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരുന്നു. തുടർന്നുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ ഭൂമി പദ്ധതി പ്രദേശമായി തെരഞ്ഞെടുത്തു. സുപ്രീം കോടതി നിർദ്ദേശ പ്രകാരം സ്ഥലം വിട്ടുകൊടുക്കുന്നതിൽ തടസ്സങ്ങൾ ഉള്ളതിനാൽ സംസ്ഥാന സർക്കാർ വിദഗ്ദ്ധ നിയമോപദേശം തേടിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ അടക്കമുള്ള അനുകൂല ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂമി വിട്ടുനൽകുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുകയാണുണ്ടായത്.

സർക്കാർ നൽകിയ ഭൂമിയിൽ ഡിആർഡിഓയുടെ കീഴിലുള്ള ബിഎടിഎൽ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിർമ്മാണ യൂണിറ്റ് സ്ഥാപിക്കും. കൂടാതെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനും 45 ഏക്കർ ഭൂമി ശസ്ത്ര സീമ ബൽ (എസ്എസ്ബി) ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാൻ കൈമാറാനും സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതുവഴി രാജ്യത്തിന്റെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന് കേരളത്തിന് സംഭാവന ചെയ്യാൻ കഴിയുമെന്നും നിക്ഷേപ സാധ്യതകൾ വർദ്ധിക്കുമെന്നും പിണറായി വിജയൻ പ്രത്യാശ പ്രകടിപ്പിച്ചു.

Related Posts