ഡൽഹി: സൈബർ സുരക്ഷയ്ക്കെന്ന പേരിൽ പുറത്തിറക്കിയ ‘സഞ്ചാർ സാഥി’ ആപ്ലിക്കേഷൻ നിർബന്ധമായും മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ. ഈ ആപ്ലിക്കേഷൻ രാജ്യത്തെ പൗരരുടെ സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്ന് വിമർശനമുയർന്നിരുന്നു. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും വിഷയം വിവാദമാകുകയും ചെയ്തതോടെയാണ് കേന്ദ്രസർക്കാർ ഉത്തരവിൽ നിന്ന് പിൻമാറിയത്.
മൊബൈൽ ഫോണിന്റെ ആധികാരികത ഉറപ്പാക്കാനായി സഞ്ചാർ സാഥി എന്ന ആപ്ലിക്കേഷൻ ഉപഭോക്താക്കൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഈ നിർദേശം ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.ബുധനാഴ്ച രാവിലെ പാർലിമെന്റിലെ ശൂന്യവേളയിൽ പ്രതിപക്ഷ എംപിമാർ സാഞ്ചാർ സാഥി നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു.
സർക്കാർ പറയുന്നത് പോലെ പിന്നീട് അൺ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും വിധമല്ല ആപ്പിനെ സംബന്ധിച്ച ഉത്തരവെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ജനാഭിപ്രായം ശേഖരിച്ച ശേഷം നിർദേശത്തിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബുധനാഴ്ച രാവിലെ ലോക്സഭയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രതിഷേധം കനത്തതോടെ ഉച്ചയ്ക്കു ശേഷം നിർദേശം പിൻവലിച്ചതായി മന്ത്രി അറിയിച്ചു.
മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി. പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയിരുന്നു. സാംസങ്ങും എതിർപ്പറിയിച്ചിരുന്നു.
‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താനുള്ള നീക്കത്തിൽ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തേ രംഗത്തെത്തിയിരുന്നു. തട്ടിപ്പിൽ ഉൾപ്പെട്ട ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപഭോക്താവ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. സഞ്ചാർ സാഥി ആപ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്താൻ ഉപയോഗിക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞിരുന്നു. രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ സഞ്ചാർ സാഥി എളുപ്പത്തിലാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ഈ ആപ്ലിക്കേഷൻ മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾക്കെതിരായ നിരന്തരമായ ആക്രമണങ്ങളുടെ ഒരു നീണ്ട പരമ്പരയുടെ ഭാഗമാണിതെന്നും ഇത് തുടരാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും അഭിപ്രായപ്പെട്ടിരുന്നു.
















