പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രാഹുലിനെതിരെ ശക്തമായി നിലകൊള്ളുന്നത്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടില്‍ ചെന്നിത്തല ഉറച്ചുനില്‍ക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പാര്‍ട്ടിയില്‍ മുഖ്യ പരിഗണന ലഭിക്കണമെന്ന് ചെന്നിത്തലയ്ക്കു ആഗ്രഹമുണ്ട്. വി.ഡി.സതീശനോടു മമതയില്ലാത്ത നേതാക്കളെ തനിക്കൊപ്പം നിര്‍ത്തുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം അത്തരത്തിലൊരു രാഷ്ട്രീയ നേട്ടത്തിനായി കൂടി ചെന്നിത്തല ഉപയോഗിക്കുന്നുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തിലും സതീശന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് ചെന്നിത്തലയുടെ നിലപാട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ചെന്നിത്തലയാണ്. എന്നാല്‍ കേസൊന്നും ഇല്ലാത്തതിനാല്‍ രാഹുലിനെ സസ്പെന്‍ഡ് ചെയ്യുക മാത്രമേ സാധ്യമാകൂവെന്ന് സതീശന് നിലപാടെടുത്തു. ഇതിലുള്ള അതൃപ്തി പരോക്ഷമായാണെങ്കിലും ചെന്നിത്തല പരസ്യമാക്കിയിരുന്നു. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കേസെടുത്തതും കെപിസിസിക്കു ലഭിച്ച മറ്റൊരു പരാതി പുറത്തുവന്നതും. രാഹുലിനെതിരായ പല ആരോപണങ്ങളെ കുറിച്ചും തനിക്കു വ്യക്തമായ ധാരണയുണ്ടായിരുന്നെന്നും അതിനാലാണ് പുറത്താക്കണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നതെന്നുമാണ് ചെന്നിത്തലയുടെ പക്ഷം.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ സതീശന് ഒറ്റപ്പെടുകയാണ്. തുടക്കത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോടു മൃദുസമീപനമാണ് സതീശന് പുലര്‍ത്തിയതെന്ന് മുതിര്‍ന്ന നേതാക്കള്‍ക്കടക്കം അഭിപ്രായമുണ്ട്. ഇക്കാര്യത്തില്‍ അതൃപ്തിയുള്ള നേതാക്കള്‍ ചെന്നിത്തലയ്ക്കൊപ്പം നിലകൊള്ളുകയാണ്. തനിക്കൊപ്പം സതീശന് വളര്‍ത്തിക്കൊണ്ടുവന്ന ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ പൂര്‍ണമായി അകന്നതോടെ സതീശന് പ്രതിരോധത്തിലായി. രാഹുലിനെതിരായ നടപടി ആവശ്യപ്പെട്ട് ചെന്നിത്തല ദേശീയ നേതൃത്വത്തെ സമീപിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിനു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല എന്നു ചെന്നിത്തല തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് വി.ഡി.സതീശന് സ്വാഭാവികമായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന ആശങ്കയില്‍ കൂടിയാണ്. വെല്‍ഫയര്‍ പാര്‍ട്ടിയോടു കൂടുതല്‍ അനുഭാവപൂര്‍ണമായ നിലപാട് സതീശനുള്ളത്. എന്നാല്‍ ചില പ്രാദേശിക ധാരണകള്‍ക്കു അപ്പുറം വെല്‍ഫയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിനു സഖ്യമില്ലെന്നാണ് ചെന്നിത്തല പറയുന്നത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയിൽ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നൽകി. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി. കേരളത്തിന്റെ ചുമതലയുള്ല ദീപ ദാസ് മുൻഷിയിൽ നിന്നാണ് വിവരങ്ങള്‍ തേടിയത്. എം എൽഎക്കെതിരായ പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്ന് ദീപ ദാസ് മുൻഷി നേതൃത്വത്തെ അറിയിച്ചു. തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ദീപ ദാസ് മുൻഷി നേതൃത്വത്തെ ധരിപ്പിച്ചു. ആദ്യപരാതി വന്ന സമയം തന്നെ വിശദമായ റിപ്പോർട്ട് ദീപ ദാസ് മുൻഷി നേതൃത്വത്തിന് നൽകിയിരുന്നു.
















