Homepage Featured Kerala Local News

കാനത്തിൽ ജമീലയുടെ സംസ്കാരം ഇന്ന്; ഉച്ചയ്ക്ക് രണ്ടുമുതൽ കൊയിലാണ്ടിയിൽ ഹർത്താൽ

കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ സംസ്കാരം ഇന്ന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാവിലെ പത്തു മണിവരെ വരെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പിന്നീട്, കൊയിലാണ്ടി ടൗണ്‍ ഹാളിലും തലക്കുളത്തൂരിലെ കണ്‍വെന്‍ഷന്‍ സെന്‍ററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദര്‍ശനമുണ്ട്.

കോഴിക്കോട് അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകിട്ട് അഞ്ചു മണിക്ക് ഖബറടക്കം നടക്കും. വിദേശത്തുള്ള മകന്‍ എത്തേണ്ടതിനാലാണ് ഖബറടക്കം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ആദര സൂചകമായി കൊയിലാണ്ടി ടൗണില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ ഹര്‍ത്താല്‍ ആചരിക്കും. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തില്‍ ജമീല ശനിയാഴ്ചയാണ് അന്തരിച്ചത്. നേരത്തേ നിയമസഭാ സമ്മേളനത്തിനിടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ജമീലയ്ക്ക് കാൻസർ സ്ഥിരീകരിച്ചിരുന്നു.

സിപിഎം നേതാവായ കാനത്തിൽ ജമീല 1966 മെയ് 5 ന് കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കുറ്റിയാടി ഗ്രാമത്തിൽ ടികെ അലിയുടെയും ടികെ മറിയത്തിന്റെയും മകളായാണ് ജനിച്ചത്. സാമൂഹികമായി സജീവമായ തന്റെ കുടുംബ പാശ്ചാത്തലത്തിലായിരുന്നു കാനത്തിൽ ജമീല വളർന്നത്. സമൂഹജീവിതവും പൊതുസേവനവും വളരെ നേരത്തെ തന്നെ അവരുടെ ജീവിതത്തിന്റെ ഭാ​ഗമായി. വിദ്യാഭ്യാസകാലത്ത് തന്നെ, സാമൂഹിക പ്രവർത്തനങ്ങളിലും സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന പ്രാദേശിക വിഷയങ്ങളിലും അവർ ഇടപെട്ടിരുന്നു.

വിവാഹിതയായതോടെയാണ് തലക്കുളത്തൂർ പഞ്ചായത്തിൽ എത്തുന്നത്. 1995 ൽ ആദ്യമായി തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗമായതോടെയാണ് കാനത്തിൽ ജമീല രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. 1996 ൽ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെത്താനും ജമീലയ്ക്ക് കഴിഞ്ഞു. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനമായിരുന്നു ജമീലയെ തേടിയെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവും പിന്നീട് 2021 ൽ കൊയിലാണ്ടിയിൽ എംഎൽഎ സ്ഥാനവും ജമീലയ്ക്ക് ലഭിച്ചു.

Related Posts