തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് ദുബായിയിലേക്ക് പറന്ന വിമാനത്തിന് തകരാർ. 160 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (നമ്പർ IXO61) വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. ഉച്ചയ്ക്ക് 12.45 ന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയർന്നത്. ഉച്ചകഴിഞ്ഞ് 3.53നായിരുന്നു എമർജൻസി ലാൻഡിങ്.
വിമാനത്തിൽ ഏകദേശം 160 യാത്രക്കാർ ഉണ്ടായിരുന്നു. പറന്നുയർന്ന് ഉടൻ തന്നെ വിമാനത്തിൽ സാങ്കേതിക തകരാർ ജീവനക്കാർ ശ്രദ്ധിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം, ഇന്ധനം ഒഴിവാക്കുന്നതിനായി വിമാനം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിലെ വ്യോമാതിർത്തിയിൽ ചുറ്റി പറന്നതിന് ശേഷമാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്.
തിരുച്ചിറപ്പള്ളിയിൽ നിന്ന് ദുബായിലേക്കുള്ള വിമാന യാത്രയുടെ സാധാരണ ദൈർഘ്യം നാല് മണിക്കൂറും 45 മിനിറ്റും ആയിരിക്കെ വിമാനം വൈകുന്നതും അടിയന്തര ലാൻഡിങ് നടത്തിയതും സംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ പരിശോധിച്ചപ്പോഴാണ് വിമാനം തിരുച്ചിറപ്പള്ളി വിട്ടിട്ടില്ലെന്ന് മനസ്സിലായത്.
















