Articles Health

മദ്യത്തിന് സുരക്ഷിതമായ അളവുണ്ടോ? ആഴ്ചയിൽ ഒരിക്കൽ മദ്യപിച്ചാലും അപകടകരമോ?

ദ്യപാനം ആരോഗ്യത്തിന് ദോഷകരമാണ് എന്നത് ഒരു പുതിയ അറിവല്ല. എന്നാൽ, ‘വല്ലപ്പോഴും മാത്രം കഴിക്കുന്നതല്ലേ?’ എന്ന് സ്വയം ആശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. യഥാർത്ഥത്തിൽ, മദ്യപാനത്തിന് ഒരു സുരക്ഷിതമായ അളവ് എന്നൊന്നുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് മുംബൈ ആസ്ഥാനമായുള്ള ഓർത്തോപീഡിക് സർജനും ആരോഗ്യ വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. മനൻ വോറ.

മദ്യത്തിന്റെ അളവിലല്ല, അത് കഴിക്കുന്നതിന്റെ ആവൃത്തി അനുസരിച്ചാണ് നമ്മുടെ ശരീരത്തിൽ അതിന്റെ ദൂഷ്യഫലങ്ങൾ നിശബ്ദമായി അടിഞ്ഞുകൂടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഡോ.വോറ പറയുന്നതനുസരിച്ച്, നിങ്ങൾ എത്ര തവണ മദ്യപിക്കുന്നു എന്നതിനനുസരിച്ച് ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ നോക്കാം.

മാസത്തിലൊരിക്കൽ മാത്രം മദ്യപിക്കുമ്പോൾ

വല്ലപ്പോഴും മാത്രം മദ്യപിക്കുന്നത് ദോഷകരമല്ലെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. മാസത്തിൽ ഒരിക്കൽ മാത്രം മദ്യപിച്ചാലും അതിന്റെ ഫലം ഒരു ദിവസം മുഴുവൻ നിലനിൽക്കും. മദ്യപിക്കുന്ന ദിവസം തലച്ചോറിന്റെ പ്രവർത്തനം സാവധാനത്തിലാകും. ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യാൻ കരൾ കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നു. കടുത്ത നിർജലീകരണം, തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവ അടുത്ത ദിവസം ഉണ്ടാകാം.

ആഴ്ചയിലൊരിക്കൽ മദ്യപിക്കുമ്പോൾ

വാരാന്ത്യങ്ങളിൽ പതിവായി മദ്യപിക്കുന്നവരിൽ ദോഷഫലങ്ങൾ കൂടുന്നു. ഇവിടെ ഹാങ്ഓവർ കൂടുതൽ മോശമാവുകയും കരളിന് തുടർച്ചയായി സമ്മർദം ഏൽക്കുകയും ചെയ്യുന്നു. കരളിന് അമിത ജോലി ഭാരം ഉണ്ടാകുന്നതിനാൽ ഫാറ്റി ലിവർ ധ്യത ക്രമേണ വർദ്ധിക്കുന്നു. കരളിന്റെ ആരോഗ്യം അപകടത്തിലാക്കാൻ ഇത് മതിയാകും.

ആഴ്ചയിൽ മൂന്നോ അഞ്ചോ തവണ മദ്യപിക്കുമ്പോൾ

ആഴ്ചയിൽ പല ദിവസങ്ങളിൽ മദ്യപിക്കുമ്പോൾ, ശരീരത്തിന് വീണ്ടെടുപ്പിന് സമയം ലഭിക്കാതെ വരുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. മെറ്റബോളിസം മന്ദഗതിയിലാകുന്നു, ശരീരത്തിന്റെ ഊർജ വിനിയോഗ നിരക്ക് കുറയുന്നു. പ്രമേഹമുള്ളവരിലും അല്ലാത്തവരിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്നു. കരളിന് ഉള്ളിൽ വീക്കംസംഭവിക്കുന്നു, ഇത് മറ്റ് രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഉറക്കം ഓരോ രാത്രിയും കുറഞ്ഞുവരുന്നു

ദിവസവും മദ്യപിക്കുമ്പോൾ

ദിവസേനയുള്ള മദ്യപാനം ഏറ്റവും ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്നു. ശരീരത്തിലെ പല പ്രധാന അവയവങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. വിവിധതരം കാൻസറുകൾ വരാനുള്ള സാധ്യത വളരെയധികം കൂടുന്നു. കരൾ ഫൈബ്രോസിസ് അല്ലെങ്കിൽ സിറോസിസ് പോലുള്ള മാരകമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി ദുർബലമാക്കുന്നു. ഹൃദയം, പാൻക്രിയാസ് തുടങ്ങിയ സുപ്രധാന അവയവങ്ങൾക്കും തകരാറുകൾ സംഭവിക്കുന്നു.

ഡോക്ടറുടെ മുന്നറിയിപ്പ്

നിങ്ങൾ എത്രയധികം മദ്യപിക്കുന്നുവോ, അത്രയധികം ദോഷങ്ങൾ നിശബ്ദമായി ശരീരത്തിൽ അടിഞ്ഞുകൂടുന്നു. അതിനാൽ, മദ്യപാനം പൂർണ്ണമായും ഒഴിവാക്കുകയോ, അല്ലെങ്കിൽ അതിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ഉചിതം.

Related Posts