യുഡിഎഫ് ഭരിക്കുന്ന ബാങ്ക് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകരും ജീവനക്കാരും
മുക്കം: യു.ഡി.എഫ് ഭരിക്കുന്ന കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് യു ഡി എഫ് പ്രവർത്തകരും ബാങ്ക് ജീവനക്കാരും ഉപരോധിച്ചു. ജീവനക്കാർ അറിയാതെ ജീവനക്കാരുടെ ലോഗിൻ ഐ ഡി ഉപയോഗിച്ച് ഒറ്റ ദിവസം കൊണ്ട് എണ്ണൂറിലധികം എ ക്ലാസ് മെമ്പർഷിപ്പ് പുതുതായി ചേർത്തി എന്നാരോപിച്ചായിരുന്നു സമരം. 13 അംഗ ഭരണസമിതിയിലെ 9 പേരും അറിയാതെയാണ് ബാങ്ക് ചെയർമാനും ജനറൽ മാനേജറും മെമ്പർഷിപ്പുകൾ ചേർത്തതെന്നും യു.ഡി.എഫ് ആരോപിച്ചു. ബാങ്കിൻ്റെ നെല്ലിക്കാപറമ്പ് ശാഖയിൽ വെച്ച് അവധി ദിവസമായ നവംബർ 30 ഞായറാഴ്ച പുലർച്ചെ ഒരു മണിക്കും 5 മണിക്കും ഇടയിലാണ് സംഭവം.
തങ്ങളറിയാതെ ലോഗിൻ ഐ ഡി ഉപയോഗിച്ച് മെമ്പർഷിപ്പ് ചേർത്ത സംഭവത്തിൽ നെല്ലിക്കാപറമ്പ് ബ്രാഞ്ച് മാനേജർ ഷൈജു തോമസും ജീവനക്കാരും മുക്കം പോലീസിൽ പരാതി നൽകി. ഉപരോധ സമരം എൻ.സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ ബാങ്ക് നിക്ഷേപകരടക്കം വലിയ ആശങ്കയിലാണന്നും ജീവനക്കാരുടെ ലാേഗിൻ ഐ ഡി ഉപയോഗിച്ച് പണം പോലും മാറ്റിയതായി സംശയമുണ്ടന്നും സുബ്രമണ്യൻ പറഞ്ഞു.
ബാങ്ക് 52 കോടി നഷ്ടത്തിലാണന്നും എന്നാൽ അതിൽ നിന്ന് രക്ഷപ്പെടാനായി ഭരണകക്ഷിയെ ചെയർമാൻ കൂട്ടുപിടിക്കുകയാണന്നും കോഴിക്കോട്ടെ മാൾ നിർമ്മാണത്തിലും വലിയ സംശയമുണ്ടന്നും എൻ.സുബ്രമണ്യൻ പറഞ്ഞു. കാരശ്ശേരി ബാങ്ക് സി.പി.എമ്മിൻ്റെ കൈകളിലെത്തിക്കാൻ ബാങ്ക് ചെയർമാനും സഹകരണ വകുപ്പ് ജീവനക്കാരും ഒത്തുകളിച്ചതായി യുഡിഎഫ് ചെയർമാൻ സി.കെ കാസിം പറഞ്ഞു. ജീവനക്കാരുടെ ലാേഗിൻ ഐ ഡി ഉപയോഗിച്ച് അവരറിയാതെ മെമ്പർഷിപ്പ് ചേർത്ത സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണമില്ല. ജീവനക്കാരുടെ ഐഡി ഉപയോഗിച്ച് ഫണ്ട് മാറ്റിയതായി സംശയമുണ്ടന്നും ഈ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നും സി.കെ കാസിം പറഞ്ഞു.
















