ഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയലേബർ കോഡ് നിലവിൽ വന്ന പാശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സമ്മേളനത്തിൽ ചർച്ചയായേക്കും. ഡൽഹി സ്ഫോടനം, എസ്ഐആറും ജനങ്ങളുടെ വോട്ടവകാശവും, ഡൽഹിയിലെ വായുമലിനീകരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് കോൺഗ്രസും സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സർവകക്ഷിയോഗത്തിൽ ആവശ്യപ്പെട്ടു.
36 രാഷ്ട്രീയപ്പാർട്ടികളിലെ അൻപതോളം നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സഭാനടപടികളോട് സഹകരിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. എസ്ഐആറും വോട്ടവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചചെയ്തില്ലെങ്കിൽ സഭാനടപടികൾ തടസ്സപ്പെടുത്തുമെന്ന് ചില നേതാക്കൾ മുന്നറിയിപ്പ് നൽകി. ആണവോർജ ബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ തുടങ്ങിയ 19 ബില്ലുകൾ ഇത്തവണത്തെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
ഡൽഹി സ്ഫോടനം, എസ്ഐആർ എന്നിവയ്ക്കൊപ്പം മാവോവാദത്തിന്റെ പേരിൽ ഗിരിവർഗക്കാരെ വേട്ടയാടുന്നുവെന്ന വിഷയം സിപിഐ അംഗം പി സന്തോഷ് കുമാർ സർവകക്ഷി യോഗത്തിൽ അവതരിപ്പിച്ചു. കർഷകരുടെ ഭൂമി വനംവകുപ്പ് ഏറ്റെടുക്കുന്ന വിഷയം കേരള കോൺഗ്രസ് (എം) നേതാവ് എംപി ജോസ് കെ മാണി ഉന്നയിച്ചു. എസ്ഐആർ ചർച്ച ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് പരിഷ്കരണം ചർച്ചയാക്കണമെന്ന് ജോൺ ബ്രീട്ടാസ് എംപി ആവശ്യപ്പെട്ടു. ഡൽഹി സ്ഫോടനത്തിന്റെ പാശ്ചാത്തലത്തിൽ ആഭ്യന്തര സുരക്ഷ അപകടത്തിലായിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. എസ്ഐആർ, പിഎംശ്രീ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച വേണമെന്ന് മുസ്ലീം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.
















