Kerala Lead News Local News

മുനമ്പം പ്രശ്നത്തിന് പരിഹാരമാകുന്നു; സമരം ഇന്നവസാനിക്കും

കൊച്ചി: ഒരു വർഷത്തിലേറെയായി മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ടര മണിക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിലെത്തി നിലവിൽ സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. കഴിഞ്ഞ ദിവസം മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഒരു വർഷത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്. 414 ദിവസത്തെ തുടർച്ചയായ പോരാട്ടത്തിനു ശേഷമാണ് ഞായറാഴ്ചയോടെ മുനമ്പത്ത് ഭൂ സമരം താത്കാലികമായി അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങൾക്ക് കരമടയ്ക്കാൻ കഴിഞ്ഞു. ഭൂമി പോക്കുവരവിനും തടസ്സങ്ങളില്ല. തുടർന്നാണ് നിലവിൽ മുനമ്പത്തെ ഭൂരിപക്ഷം പേരും ഭാ​ഗമായ ഭൂസംരക്ഷണ സമിതി സമരമവസാനിപ്പിക്കാൻ തീരുമാനമെടുത്തത്. ഇനി ജുഡീഷ്യൽ കമ്മീഷന്‍റെ പ്രശ്നപരിഹാരവും വഖഫ് ട്രൈബ്യൂണലിലെ തീർപ്പും മാത്രമാണ് ബാക്കിയുള്ളത്. അതേസമയം, വഖഫ് രജിസ്റ്ററിൽ ഇപ്പോഴും മുനമ്പത്തെ ഭൂമി കിടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ബിജെപി നേതൃത്വത്തിൽ ഒരു വിഭാഗം നാളെ സമരമാരംഭിക്കുന്നുണ്ട്.

നേരത്തേ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച മുനമ്പത്തെ ഭൂമിയിൽ താമസക്കാര്‍ക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. 615 കുടുംബങ്ങളാണ് മുനമ്പത്ത് ഉള്ളത്.

Related Posts