തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും മുൻ സെക്രട്ടറി എസ് ജയശ്രീക്കും ഇന്ന് നിർണായകം. കേസിൽ എസ് ജയശ്രീ നാലാം പ്രതിയും എസ് ശ്രീകുമാർ ആറാം പ്രതിയുമാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് നേരത്തേ സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു.
ശബരിമല മുൻ സെക്രട്ടറിയെന്ന നിലയിൽ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് നൽകാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചത് എസ് ശ്രീകുമാർ ആയിരുന്നു.
കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രിമാർ എസ്എടിക്കു മുന്നിൽ മൊഴിനൽകിയിരുന്നു. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരരുടെയും മോഹനരരുടെയും മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കുക മാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നും തന്ത്രിമാർ പറഞ്ഞു.
അതേസമയം സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെയാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയെന്നാണ റിപ്പോർട്ടുകൾ. സ്പോണ്‍സറായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ തന്ത്രിയും അടുപ്പക്കാരുമടങ്ങുന്ന സംഘമാണെന്നാണ് പത്മകുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോയതെന്നും മൊഴിയിലുണ്ടെന്നാണ് വിവരം.
















