ഡൽഹി: ആധാർ കാർഡ് പൗരത്വത്തിനുള്ള പൂർണ്ണമായ തെളിവല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അതുകൊണ്ടാണ് അത് രേഖകളുടെ പട്ടികയിലെ ഒന്നായിരിക്കുമെന്ന് പറഞ്ഞതെന്നും കോടതി പറഞ്ഞു. ആധാർ നിയമം പൗരത്വമോ താമസസ്ഥലമോ(DOMISILE) നിർണയിക്കുന്നില്ലെന്നും കോടതി പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
“ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു നിയമനിർമ്മാണമാണ് ആധാർ. അയൽരാജ്യത്ത് നിന്നുള്ളയാളും തൊഴിലാളിയായി ജോലി ചെയ്യുന്നതുമായ ഒരാൾ എന്ന് കരുതുക. റേഷൻ ലഭ്യമാക്കാനായി അയാൾക്ക് ആധാർ ലഭിച്ചു എന്നതുകൊണ്ട് അയാളെയും വോട്ടറാക്കണോ? ,” ചീഫ് ജസ്റ്റിസ് ചോദിച്ചു. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പൂരിപ്പിക്കുന്ന ഫോം 6 അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കുന്ന രേഖകളുടെ കൃത്യത നിർണ്ണയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.
തമിഴ്നാട്, കേരളം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള എസ്‌ഐആറിനെതിരെയുള്ള ഹർജികൾ പരിഗണിക്കുന്നതിനുള്ള സമയക്രമവും സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ഡിസംബർ 1-നകം മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബെഞ്ച് ആവശ്യപ്പെട്ടു. തുടർന്ന് ഹർജിക്കാർക്ക് മറുപടി സമർപ്പിക്കാം.
ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, നേരത്തേ എസ്‌ഐആർ ചില ആശങ്കകൾ ഉയർത്തുന്നതായി ആരോപണമുന്നയിച്ചു. സാധാരണ വോട്ടർമാരിൽ പലരും നിരക്ഷരരാണ്, അവരുടെ മേൽ എസ്‌ഐആർ ഭരണഘടനാ വിരുദ്ധമായ ഭാരം ചുമത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഫോമുകൾ പൂരിപ്പിക്കുന്നത് വോട്ടർമാരുടെ ഉത്തരവാദിത്തമല്ല. വളരെയധികം പേർ നിരക്ഷരരാണ്, അവർക്ക് എഴുതാനും വായിക്കാനും അറിയില്ല. അവർക്ക് ഫോമുകൾ പൂരിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവരെ (വോട്ടർ പട്ടികയിൽ നിന്ന്) പുറത്താക്കും,” നടപടിക്രമപരമായ ന്യായീകരണങ്ങളേക്കാൾ ഭരണഘടനാപരമായ സംരക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വോട്ടർ പട്ടികയിൽ ഒരിക്കൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിക്കഴിഞ്ഞാൽ, സംസ്ഥാനം എതിർത്തില്ലെങ്കിൽ സാധുത അനുമാനം പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ആധാർ പൗരത്വത്തിന് നിർണായകമല്ലെങ്കിലും, അത് ഉടമയ്ക്ക് അനുകൂലമായ ഒരു രേഖയാണെന്ന് സിബൽ വാദിച്ചു. ആധാറിൽ ഒരാളെ ഒഴിവാക്കണമെങ്കിൽ വ്യക്തമായ കാരണം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
















