ശബരിമല: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തിങ്കളാഴ്ച രാത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തി. ഒന്‍പതുമണിയോടെയാണ് അദ്ദേഹം മലകയറി സന്നിധാനത്തെത്തിയത്. യൂണീഫോം ഇല്ലാതെയായിരുന്നു സന്ദര്‍ശനം. പൊലീസുദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
നല്ലതിരക്കുണ്ടെങ്കിലും നിയന്ത്രണവിധേയമാണെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷായോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഭക്തര്‍ക്ക് പ്രയാസമില്ലാതെ ദര്‍ശനം നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് സാഹചര്യം നോക്കി മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ഇപ്രാവശ്യം അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പോലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും എല്ലായിടുത്തുമുണ്ട്. തിരക്കിനനുസരിച്ചാണ് സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി എന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ പുതിയ പൊലീസ് ബാച്ച് ചുമതലയേറ്റു
ശബരിമലയില്‍ പൊലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 1543 പേരാണ് രണ്ടാം ബാച്ചില്‍ ഉള്ളത്. അസി. സ്‌പെഷ്യല്‍ ഓഫീസറും (എ.എസ്.ഒ) 10 ഡി.വൈ.എസ്.പിമാരും 34 സി.ഐമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു.
സന്നിധാനത്തെ വലിയ നടപ്പന്തലില്‍ നടന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എം.എല്‍. സുനില്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി. ഭക്തര്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും അവരോട് സൗമ്യമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്നും അതിനാല്‍ സദാസമയവും ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

















