അബുജ: നൈജീരിയയിലെ മുസ്സ ജില്ലയിൽ 12 പെൺകുട്ടികളെ ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടുപോയി. അസ്‌കിറ ഉബയില്‍ കൃഷിയിടത്തില്‍നിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടികളെയാണ് വൈകീട്ട് അഞ്ചു മണിയോടെ ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ തട്ടിക്കൊണ്ടുപോയത്. ബോര്‍ണോ സ്റ്റേറ്റ് പോലീസ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എഎസ്പി നഹും ദാസോ ഇക്കാര്യം സ്ഥിരീകരിച്ചു.
മഗുമേരി ഗ്രാമത്തില്‍ രണ്ട് മണിക്കൂറിലധികം വീടുകൾക്കും കടകൾക്കും നേരെ ആക്രമണം നടത്തിയ അക്രമികൾ ഗ്രാമത്തിൽ പലയിടത്തും തീയിട്ടു. മോട്ടോര്‍ സൈക്കിളുകളിലെത്തിയ ഭീകരർ ആളുകളെ വെടിയുതിർത്ത് ഭയപ്പെടുത്തിയ ശേഷം വീടുകൾക്ക് തീയിടുകയായിരുന്നു. ആളുകൾക്ക് ജീവഹാനി സംഭവിച്ചിട്ടില്ല.
അടുത്തിടെ ഒരു സംഘം നൈജീരിയന്‍ തലസ്ഥാനമായ അബുജയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തുള്ള സ്വകാര്യ കത്തോലിക്കാ സ്‌കൂളില്‍ അതിക്രമിച്ച് കയറി 215 വിദ്യാർത്ഥികളെയും 12 അധ്യാപകരേയും തട്ടിക്കൊണ്ടുപോയിരുന്നു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സിഎഎന്‍) ആയിരുന്നു ഇത് സംബന്ധിച്ച വിവരം പുറംലോകത്തെ അറിയിച്ചത്.
















