Homepage Featured News World

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി; ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി

ത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെ തുര്‍ടന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള രണ്ട് സർവീസുകൾ റദ്ദാക്കി. ജിദ്ദയിലേക്കുള്ള ആകാശ് എയർ, ദുബായിലേക്കുള്ള ഇൻഡിഗോ സർവീസുകളാണ് റദ്ദാക്കിയത്.

ചൊവ്വാഴ്ച പകരം സർവീസ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ആകാശ് എയർ സർവീസ് എങ്ങനെ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചിട്ടില്ല. സർവീസുകൾ റദ്ദാക്കിയതോടെ ഉംറ തീർത്ഥാടകർ എയർപോർട്ടിൽ കുടുങ്ങി.

കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനവും വഴിതിരിച്ചുവിട്ടിട്ടുണ്ട്. 6ഇ 1433 എന്ന വിമാനമാണ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്.എത്യോപ്യയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നാണിത്.

ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കായി കണ്ണൂരിലേക്ക് തിരിച്ച് സർവ്വീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.

ഞായറാഴ്ചയാണ് ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.10000 വർഷത്തിന് ശേഷം ആദ്യമായാണ് എത്യോപ്യയിൽ ഈ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. തുടർന്ന് ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയാവുകയാണ്.

ഡൽഹി, ജയ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് വിമാന കമ്പനികൾ നൽകുന്ന സൂചന. ചില വിമാനങ്ങൾ പുകമഞ്ഞ് ഒഴിവാക്കാൻ റൂട്ടുകൾ പുനക്രമീകരിക്കുകയാണ്.

എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവ്വത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി.

സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിൻ്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.

വിമാനത്താവളങ്ങളിൽ അഗ്നിപർവ്വത ചാരത്തിൻ്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ റൺവേ, ടാക്‌സിവേ, അപ്രോൺ എന്നിവ ഉടൻ പരിശോധിക്കുകയും, സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിമാന സർവീസുകൾ പുനരാരംഭിക്കുകയും വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Related Posts