ഒരിക്കല്‍ കൂടി മലയാളി താരം സഞ്ജു സാംസണ് ബിസിസിഐയാല് തിരസ്കൃതനായിരിക്കുന്നു. ബാറ്റിങ് കണക്കുകളില്‍ മികവ് പുലര്ത്തിയതാണോ സഞ്ജുവിനെ മാറ്റിനിര്‍ത്താന്‍ കാരണമെന്ന് സ്വാഭാവികമായും ആരും ചോദിച്ചുപോകും. കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനു പകരം ഇടംപിടിച്ച റിഷഭ് പന്ത് കണക്കുകളില്‍ ബഹുദൂരം പിന്നിലാണ്.
ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ഇല്ലാത്തതിനാല്‍ സഞ്ജു ഏകദിന ടീമില്‍ ഇടംപിടിക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പ്രധാന വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് എത്തിയപ്പോള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പോലും സഞ്ജു പരിഗണിക്കപ്പെട്ടില്ല. ധ്രുവ് ജുറലിനു ഏകദിന ടീമിലേക്കുള്ള അരങ്ങേറ്റ വിളി എത്തിയപ്പോള്‍ സഞ്ജു പുറത്ത് !
ഏകദിന കരിയറില്‍ ഇന്ത്യക്കായി 14 ഇന്നിങ്സുകളാണ് സഞ്ജു കളിച്ചിട്ടുള്ളത്. അതില്‍ അഞ്ചെണ്ണത്തിലും പുറത്താകാതെ നിന്നു. 56.66 ശരാശരിയില്‍ 99.60 സ്ട്രൈക് റേറ്റോടെ 510 റണ്‍സ് മലയാളി താരം സ്കോര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉണ്ട്.
മറുവശത്ത് റിഷഭ് പന്തിന്റെ കണക്കുകളിലേക്ക് വന്നാല്‍ സഞ്ജുവിനേക്കാള്‍ ബഹുദൂരം പിന്നിലാണ്. റിഷഭ് പന്ത് 31 ഏകദിനങ്ങളില്‍ നിന്ന് 33.5 ശരാശരിയില്‍ 871 റണ്‍സാണ് നേടിയിരിക്കുന്നത്. 27 ഇന്നിങ്സുകളില്‍ ബാറ്റ് ചെയ്തിട്ടും പന്തിനു നേടാനായത് ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും മാത്രം.
രണ്ട് വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. അന്ന് 114 പന്തുകളില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്സും സഹിതം 108 റണ്‍സെടുത്ത സഞ്ജു കളിയിലെ താരവുമായി. വീണ്ടും ഏകദിനത്തില്‍ ഇതേ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ സഞ്ജു സ്ക്വാഡില്‍ പോലും ഇല്ലാത്തത് ആരാധകരെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്.
2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇപ്പോഴത്തെ ഏകദിന പരമ്പരകള്‍ക്കുള്ള ടീം തിരഞ്ഞെടുക്കുന്നത്. അതായത് അടുത്ത ലോകകപ്പിലേക്ക് എത്തുമ്പോള്‍ സെലക്ടര്‍മാരുടെ പദ്ധതികളിലൊന്നും സഞ്ജുവില്ലെന്നാണ് ഇപ്പോഴത്തെ ടീം സെലക്ഷന് നല്കുന്ന സൂചന.
















