ആലപ്പുഴ: കൈനകരിയിൽ ആറുമാസം ഗർഭിണിയായിരുന്ന അനിതയെ ആറ്റിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. നിലമ്പൂർ സ്വദേശി പ്രബീഷിനാണ് വധശിക്ഷ വിധിച്ചത്. നാല് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി വരുന്നത്. രണ്ടാം പ്രതിയായ കൈനകരി തോട്ടുവാത്തല പടിഞ്ഞാറ് പതിശേരി വീട്ടിൽ രജനി (38) ഒഡിഷയിലെ റായ്ഘട്ട് ജയിലിൽ തടവിലാണ്. രജനിയെ പ്രൊഡക്ഷൻ വാറന്റിലൂടെ 29-ന് കോടതിയിൽ ഹാജരാക്കണമെന്നും തുടർന്ന് രജനിക്കുള്ള ശിക്ഷ പ്രഖ്യാപിക്കുമെന്നും കോടതി നിർദേശിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയ രജനി പിന്നീട് ഒഡിഷയിൽ എൻഡിപിഎസ് കേസിൽ പിടിയിലായിരുന്നു.
ജോലിസംബന്ധമായിട്ട് കായംകുളത്തേക്ക് എത്തിയപ്പോൾ പ്രബീഷും അനിതയും തമ്മിൽ പരിചയപ്പെടുകയായിരുന്നു. ഭർത്താവുമായി പ്രശ്നമുണ്ടായതിനാൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അനിതയുമായി പ്രബീഷ് അടുത്തു. ആ സമയത്ത് അനിത പാലക്കാട്ട് ജോലി ചെയ്യുകയായിരുന്നു. തുടർന്ന് ഗർഭിണിയായ അനിത പ്രബീഷിനോട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയ്യാറായില്ല.
പ്രബീഷിന്റെ മറ്റൊരു കാമുകിയായ രജനിയും ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞു. ഇരുവരെയും ഒന്നിച്ച് പോറ്റാമെന്ന് പറഞ്ഞ് പ്രബീഷ് പ്രശ്നം തീർക്കാൻ ശ്രമിച്ചെങ്കിലും രജനിയും അനിതയും അത് എതിർത്തതിനെ തുടർന്നാണ് അനിതയെ ഇല്ലാതാക്കാൻ പ്രബീഷും രജനിയും തീരുമാനിച്ചതെന്ന് കേസിൽ തെളിഞ്ഞു.
















